ബിജെപിയോട് ദയയില്ലാതെ ദീദി

1200-mamata-banerjee-bengal-cm
SHARE

ന്യൂഡൽഹി ∙ബംഗാൾ ഫലം വരാൻ കാത്തിരുന്ന മമത ബാനർജിയുടെ ഇടംകാൽ സുഖം പ്രാപിച്ചു. കസേര വീണ്ടും ഉറപ്പിച്ച മമത ചക്രക്കസേര ഉപേക്ഷിച്ചു, എഴുന്നേറ്റ് കാലുകൾ നിലത്തുറപ്പിച്ചുനിന്ന് അണികളെ അഭിവാദ്യം ചെയ്തു. നന്ദ്രിഗ്രാമിൽ ഫലം അനുകൂലമല്ലെന്നായപ്പോൾ ഇരിക്കണോ നിൽക്കണോ എന്ന ആശങ്ക പ്രകടിപ്പിച്ചെങ്കിലും 51 ദിവസത്തിനുശേഷം പരസ്യമായി നിവർന്നുനിന്ന മമത സന്തോഷത്തിലാണ്. അത്ര വലുതാണ് വിജയം.

അത്ര വലുതായിരുന്നു ബിജെപി ഉയർത്തിയ വെല്ലുവിളിയും. 200 കടക്കുമെന്നതു ബിജെപിയുടെ മുദ്രാവാക്യമായിരുന്നു. പക്ഷേ, അവർ 100ന് അടുത്തെത്തിയില്ല. തൃണമൂൽ 200 കടന്ന്, 2016ലെ 211 എന്ന നേട്ടവും കടന്ന് വീണ്ടും വിജയിച്ചു.

നേതാവിന്റെ വിജയം

ശകുനങ്ങളിൽ വിശ്വാസമുള്ളയാളാണ് മമത. എന്നും വീട്ടിൽ നിന്നിറങ്ങുംമുൻപ് അമ്മയോടു പറയുകയെന്ന പതിവു തെറ്റിച്ച ദിവസം തനിക്കു ദുരന്തമുണ്ടായെന്ന് മമത പറഞ്ഞിട്ടുണ്ട്. 1990 ഓഗസ്റ്റ് 16ന് സിപിഎമ്മുകാരുടെ ആക്രമണത്തിൽ പരുക്കേറ്റപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ മാർച്ച് 10ന് നന്ദിഗ്രാമിൽ പത്രിക നൽകാൻ പോയപ്പോഴാണ് മമതയുടെ കാലിനു പരുക്കേറ്റത്. ആക്രമണമെന്നു മമതയും അപകടമെന്നു തിരഞ്ഞെടുപ്പു കമ്മിഷനും പറഞ്ഞു. അന്നാണ് മമത ചക്രക്കേസരയിൽ കയറിയത്. അതിലിരുന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണമത്രയും. കളി തുടങ്ങിക്കഴിഞ്ഞെന്നു തൃണമൂൽ പ്രചാരണഗാനമിറക്കിയതിനു പിന്നാലെ, തിരഞ്ഞെടുപ്പു യോഗങ്ങളിൽ വേദിയിലിരുന്ന് വോട്ടർമാർക്കിടയിലേക്ക് മമത പന്തെറിയാൻ തുടങ്ങി. ബിജെപിയെ ജനം പന്തുപോലെ തട്ടുമെന്നായിരുന്നു മമതയുടെ പ്രഖ്യാപനം.

തനിച്ചങ്ങു നടന്നു...

ഏതു ബംഗാളിയെയും പോലെ മമതയും രബീന്ദ്രസംഗീതം ഇഷ്ടപ്പെടുന്നു. ‘ആരും വിളികേട്ടില്ലെങ്കിൽ തനിച്ചങ്ങു നടക്കും’ – മമതയ്ക്ക് പ്രിയമുള്ള വരിയാണത്. പാട്ടിലും പാർട്ടിയിലും. വിളി കേൾക്കേണ്ട ഉപനേതാക്കൾ മിക്കവരും തന്നെ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയുടെ വിളികേട്ട് അവർക്കൊപ്പം നടന്നുതുടങ്ങിയിരുന്നു – മമതയെ നന്ദിഗ്രാമിൽ നേരിട്ട സുവേന്ദു ഉൾപ്പെടെ.

എന്നിട്ടും മമത പതറിയില്ല. ഇത്രമേൽ ആത്മവിശ്വാസമുള്ള മറ്റൊരു നേതാവില്ലെന്നു മമത പറയും. മമതയ്ക്കു സ്വന്തം ശേഷിയെ അത്രമേൽ വിശ്വാസമാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം, ബംഗാളിലാദ്യമായി കമ്യൂണിസ്റ്റ് ഇതര സർക്കാരുണ്ടാക്കിയത് ആ വിശ്വാസമാണ്. തൃണമൂലെന്ന പാർട്ടി തന്നു തന്നെ വളർത്തിയ ബിജെപി ക്രമേണ തനിക്കെതിരെ വളരുന്നതു കണ്ടിട്ടും മമത കുലുങ്ങിയില്ല. 2013 മുതൽ പല കേസുകളുടെ പേരിൽ മമതയ്ക്കു കുരുക്കിടാനും കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണ്.

ബിജെപിയെ പിടിച്ചുകെട്ടി

2016ൽ 3 സീറ്റും 10% വോട്ടും നേടിയ ബിജെപി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റും 40% വോട്ടും പിടിച്ചു. ആ കുതിപ്പാണ് മമത പിടിച്ചുകെട്ടിയത്. ബംഗാൾ പിടിച്ചുകഴിഞ്ഞാൽ, അടുത്തതു ഡൽഹിയെന്ന് മമത 2014ൽ പറഞ്ഞതാണ്. അന്ന്, മമതയാണ് അടുത്ത പ്രധാനമന്ത്രിയെന്നു പറഞ്ഞ അണ്ണാ ഹസാരെയുടെ പ്രവചനം വിശ്വസിക്കുകയും ചെയ്തു. ബിജെപി ബദൽ ദേശീയ കൂട്ടുകെട്ടുകൾക്ക് പല ശ്രമങ്ങളും നടത്തി. എങ്കിലും തൃണമൂലിന്റെ മേൽവിലാസം ബംഗാളിലൊതുങ്ങുകയായിരുന്നു. ആ ജാതകം തിരുത്താൻ മമത ഇനി ശ്രമിക്കും. അതിനുള്ള ധൈര്യം മമതയ്ക്കുണ്ട്. അതിന്റെ തെളിവാണ് തുടർച്ചയായ മൂന്നാം വിജയം. തൂത്തുവാരാമെന്ന ബിജെപിയുടെ പ്രതീക്ഷയെയും തട്ടിത്തെറിപ്പിച്ചു. വെറുതെയല്ല, ദ്രൗപദിയെന്നും ദുർഗയെന്നും ഇപ്പോൾ, ബംഗാളിന്റെ സിംഹമെന്നും ദീദിയെ പലരും വിളിക്കുന്നത്.

Content Highlights: Bengal Assembly election result: Mamata defeat BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA