ADVERTISEMENT

ന്യൂഡൽഹി ∙ പ്രചാരണത്തിൽ കാട്ടിയ ആവേശവും പ്രതീക്ഷയും വച്ചു നോക്കുമ്പോൾ നിയമസഭകളിലെ തിരഞ്ഞെടുപ്പു ഫലം ബിജെപിക്ക് ആഹ്ലാദം പകരുന്നില്ല. എങ്ങനെയും ബംഗാൾ പിടിച്ചെടുക്കുക എന്ന ഒറ്റലക്ഷ്യവുമായി പടയ്ക്കിറങ്ങിയെങ്കിലും ഉദ്ദേശിച്ച നേട്ടമുണ്ടായില്ല. അതിനിടെ, കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ അനാസ്ഥ മോദി സർക്കാരിനെതിരെ രാജ്യത്തിനകത്തും പുറത്തും കടുത്ത വിമർശനങ്ങൾക്കും കാരണമായി.

അസമിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും പുതുച്ചേരിയിൽ എൻആർ കോൺഗ്രസ് സഖ്യത്തിൽ പങ്കാളിയായി അധികാരം പിടിച്ചതും ബിജെപിക്ക് ആശ്വാസം പകരുന്നു. പക്ഷേ, തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രകടനം ദയനീയമായി. കർണാടക ഒഴികെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വളർ‍ച്ചയ്ക്കു കൃത്യമായ ഒരു തന്ത്രം പാർട്ടിക്ക് ഇപ്പോഴുമില്ലെന്നതിന്റെ തെളിവു കൂടിയാണിത്.

കോവിഡ് വ്യാപനം ചെറുക്കാനുള്ള ദേശീയ ദുരന്ത നിവാരണ സമിതിയുടെ തലവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. സമിതിയുടെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. സമിതിയിലെ മൂന്നാമത്തെ അംഗം കേന്ദ്ര മന്ത്രി ഹർഷ്‌വർധനും. എന്നാൽ, മമത ബാനർജിയിൽ നിന്നു ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തിലേക്കു മാത്രം മോദിയും അമിത് ഷായും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മാർച്ചിലെയും ഏപ്രിലിലെയും പ്രവൃത്തിദിനങ്ങളിലേറെയും ബംഗാളിലെ തിരഞ്ഞെടുപ്പു റാലികൾക്കായി മാറ്റിവച്ചു. ബംഗാളിലേക്കു നിയോഗിക്കപ്പെട്ടവരിൽ ഒട്ടേറെ കേന്ദ്രമന്ത്രിമാരും ഉൾപ്പെടും.

മതധ്രുവീകരണ തന്ത്രം

ബംഗാളിൽ രണ്ടു മുഖ്യവിഷയങ്ങളിലൂന്നി നടത്തിയ ബിജെപിയുടെ തീവ്ര പ്രചാരണം പക്ഷേ തിരിച്ചടിയായി. ഉയർന്ന ശതമാനം ന്യൂനപക്ഷങ്ങളുള്ള ബംഗാളിൽ ബിജെപി ശ്രമിച്ചതു മത ധ്രുവീകരണത്തിനാണ്. വടക്കു പടിഞ്ഞാറൻ ബംഗാളിൽ സ്വാധീനശക്തിയായ ദലിത് ഗോത്രവിഭാഗങ്ങളെ കയ്യിലെടുക്കാനുള്ള തന്ത്രങ്ങളും കേന്ദ്രനേതൃത്വം പ്രയോഗിച്ചു. അയൽരാജ്യമായ ബംഗ്ലദേശ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടത്തെ ഒരു ക്ഷേത്രത്തിൽ പോകാനും സമയം കണ്ടെത്തി. ബംഗാളിലെ ഒരുവിഭാഗം ദലിതർ പുണ്യസ്ഥലമായി കരുതുന്ന ഈ ക്ഷേത്രത്തിലെ മോദിയുടെ സന്ദർശനത്തിനു പാർട്ടി വലിയ പ്രചാരണമാണു കൊടുത്തത്.

മമതയെ വളഞ്ഞത് വിനയായി

സംസ്ഥാനത്തുടനീളം തൃണമൂൽ നേതാക്കൾ നടത്തിയ അഴിമതികളാണു തിരഞ്ഞെടുപ്പു വിഷയമാക്കേണ്ടതെന്ന അഭിപ്രായം ബിജെപി പ്രാദേശിക നേതാക്കൾക്കുണ്ടായിരുന്നു. എന്നാൽ ഡൽഹിയിൽനിന്നുള്ള നേതാക്കൾ ലക്ഷ്യമിട്ടതു മുഖ്യമന്ത്രി മമതയെ മാത്രം. ഇതാകട്ടെ അഴിമതിയാരോപണങ്ങളും സ്വന്തം കക്ഷി നേതാക്കളുടെ കൊഴിഞ്ഞുപോകലും മൂലം പൊറുതിമുട്ടി നിന്ന മമതയ്ക്കു സൗകര്യമായിത്തീർന്നു. ബംഗാളി സ്വത്വത്തിനെതിരെ ഹിന്ദിമേഖലയുടെ കടന്നാക്രമണമായി തിരഞ്ഞെടുപ്പുപോരിനെ അവർ മാറ്റിയെടുത്തു.

ജനക്ഷേമപദ്ധതികളുടെ പേരിൽ അംഗീകാരം തേടിയ മമതയുടെ കാലിനേറ്റ പരുക്ക് സഹതാപമായും മാറി. ഒരു സ്ത്രീ തനിച്ചു കരുത്തരായ പുരുഷന്മാരുടെ പടയെ ചെറുക്കുന്ന ദൃശ്യമാണു ജനഹൃദയത്തിലെത്തിയത്. ജനക്കൂട്ടത്തെ ആകർഷിക്കാനായി പഴയകാല താരം മിഥുൻ ചക്രവർത്തിയെയും ബിജെപി രംഗത്തിറക്കി. ത്രികോണ മത്സരമുണ്ടാകുമെന്നും കോൺഗ്രസ്–ഇടതു സഖ്യം ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നുമുള്ള കണക്കുകൂട്ടലും പിഴച്ചു.

അടുത്ത വർഷത്തെ തിരഞ്ഞെടുപ്പുകൾ

അടുത്ത വർഷം ആദ്യമാണ് അടുത്തഘട്ട നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നത്. വരും ആഴ്ചകളിൽ ബിജെപി നേതൃത്വം ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ആത്മപരിശോധനകളിലായിരിക്കും– എന്തുകൊണ്ടാണു 2018 മുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി അസ്ഥിരമായ പ്രകടനം കാഴ്ച വയ്ക്കുന്നത്? 2018നുശേഷം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു. ഒടുവിൽ ഇപ്പോഴത്തെ ഫലങ്ങളും.

എതിരാളികളെ തറപറ്റിച്ച ഗംഭീര പ്രകടനമാണു മമത ബാനർജിയും പിണറായി വിജയനും ഡിഎംകെയുടെ എം.കെ. സ്റ്റാലിനും നടത്തിയത്. ഭരണാനുകൂല തരംഗം പിണറായിക്കും മമതയ്ക്കും ഗുണം ചെയ്തു. സ്റ്റാലിനാകട്ടെ ഭരണവിരുദ്ധതരംഗം നേട്ടമായി. പുതിയ കക്ഷികൾക്കു മുന്നണിയിൽ ഇടം കൊടുക്കുന്നതിലും പിണറായിയും സ്റ്റാലിനും ശ്രദ്ധ കാട്ടി.

കോൺഗ്രസിന്റേത് നിലംപരിശായ അവസ്ഥയാണ്. തമിഴ്നാട്ടിൽ ഡ‍ിഎംകെ മുന്നണിയിലെ ഏറ്റവും ചെറിയ കക്ഷിയാണ് അവർ. കേരളത്തിലും അസമിലും രാഹുലും പ്രിയങ്കയും വ്യാപക പ്രചാരണം നടത്തിയെങ്കിലും രണ്ടിടത്തും പാർട്ടി തകർന്നടിഞ്ഞു. സംഘടനാതലത്തിൽ ഉത്തരവാദിത്തപൂർണവും ജനാധിപത്യപരവുമായ പ്രവർത്തനരീതി ഉണ്ടാകണമെന്ന ആവശ്യം വീണ്ടും ശക്തമാകും. 2022ൽ അടുത്ത ഘട്ട നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, പാർട്ടിയെ സജീവമാക്കി നിലനിർത്താനുള്ള നടപടികളിലേക്കും വീണ്ടുവിചാരങ്ങളിലേക്കും നേതൃത്വത്തിനു കടക്കാതിരിക്കാനാവില്ല.

Content Highlights:  Bengal election results 2021: BJP setback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com