ADVERTISEMENT

ന്യൂഡൽഹി ∙ ഒരു സീറ്റ് പോലും നേടാതെ ബംഗാളിൽ ഇടതുപതനം ഏതാണ്ടു പൂർണമാകുകയാണ്. 1957 മുതലുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷം സംപൂജ്യരാകുന്നത്. ഈ തകർച്ച സിപിഎമ്മിന്റെ സംഘടനാതലത്തിലും ഇനി പ്രതിഫലിക്കും. കേരള ഘടകത്തിന്റെ മേൽക്കൈ ഏതറ്റം വരെയെന്ന് അടുത്ത പാർട്ടി കോൺഗ്രസിൽ വ്യക്തമാകും.

പ്രധാനമായും സിപിഎമ്മും സിപിഐയും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായിരുന്നു ബംഗാളിലെ സംയുക്ത മുന്നണി. അസമിൽ കോൺഗ്രസ് നയിച്ച മുന്നണിയുടെയും തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെയും ഭാഗമായിരുന്നു ഇടതു പാർട്ടികൾ. കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി പരസ്യ കൂട്ടുകെട്ടെന്ന 2018 ലെ സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം പൂർണമായി നടപ്പാക്കിയ തിരഞ്ഞെടുപ്പുകളെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു.

2016 ൽ കോൺഗ്രസിനു 44 സീറ്റും 12.25 % വോട്ടും, സിപിഎമ്മിന് 26 സീറ്റും 19.75 % വോട്ടും ലഭിച്ചിരുന്നു; സിപിഐക്ക് ഒരു സീറ്റും 1.45 % വോട്ടും. ഇത്തവണ, ഒടുവിൽ ലഭ്യമായ കണക്കുകളനുസരിച്ച്, 3 പാർട്ടിക്കും സീറ്റൊന്നുമില്ല. വോട്ട് ശതമാനം: സിപിഎം 4.67, കോൺഗ്രസ് 2.98, സിപിഐ 0.23.

സിപിഎം കേന്ദ്ര നിലപാടിനു വിരുദ്ധമായാണ് ബംഗാളിൽ 2016 ൽ കോൺഗ്രസുമായി സഹകരിച്ചത്. തങ്ങളോട് ആലോചിക്കാതെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയെന്നായിരുന്നു അന്നു സിപിഐയുടെ പരാതി. കോൺഗ്രസുമായി ധാരണയെന്ന തെറ്റു തിരുത്തണമെന്നായിരുന്നു അന്നു സിപിഎം കേന്ദ്ര കമ്മിറ്റി ബംഗാൾ ഘടകത്തിനു നൽകിയ നിർദേശം. ഈ വിഷയത്തിൽ ബംഗാൾ ഘടകവും കേന്ദ്ര നേതൃത്വവുമായുണ്ടായ തർക്കം പാർട്ടിയെ പിളർത്തുമെന്ന സ്ഥിതിവരെയെത്തിയിരുന്നു. ഒടുവിൽ, നിലനിൽപിനെന്നോണം, കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളുമായി ധാരണായാവമെന്ന് 2018 ലെ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.

ഇത്തവണ ഇടതും കോൺഗ്രസും കൂടിയാലോചിച്ചു ധാരണയുണ്ടാക്കി. അതിനിടെയാണ് അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) എന്ന പുതിയ പാർട്ടിയുടെ രംഗപ്രവേശം. ഈ ന്യൂനപക്ഷ പാർട്ടിയുമായുള്ള സഹകരണം കോൺഗ്രസിലും സിപിഎമ്മിലും തർക്കങ്ങൾക്കു വഴിവച്ചു. ഒടുവിൽ, ഐഎസ്എഫുമുള്ള മുന്നണിയുടെ നേതൃത്വം സിപിഎമ്മിനെന്നു ധാരണയായി.

ത്രിപുരയിൽ അധികാരത്തിലുള്ള ബിജെപിയിൽ ആഭ്യന്തര പ്രശ്നങ്ങളേറെയുണ്ട്. അവിടെ നിയമസഭയിൽ 16 സീറ്റുള്ള സിപിഎം, തിരിച്ചുവരവിനുള്ള ശ്രമം തുടരുകയുമാണ്. എന്നാൽ, പല പരീക്ഷണങ്ങളും നടത്തിയിട്ടും ബംഗാളിൽ മാറ്റം സാധ്യമാകുന്നില്ലെന്നതാണ് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. ബംഗാളിൽ സംയുക്ത മുന്നണിയുടെയും ഇടതിന്റെയും പരാജയം നിരാശയുണ്ടാക്കുന്നുവെന്നാണു പൊളിറ്റ്ബ്യൂറോ പ്രതികരിച്ചത്. സ്വയംവിമർശനപരമായ അവലോകനം നടത്തി പാഠങ്ങൾ മനസ്സിലാക്കുമെന്നും പറയുന്നു. ഐഎസ്എഫുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്തെന്നു വിമർശനമുണ്ട്. ബിജെപിയെ ചെറുക്കുയെന്നതാണ് മുഖ്യലക്ഷ്യമെന്നും അതിനു സാധിക്കുക തൃണമൂലിനാണെന്നും വിലയിരുത്തിയായിരുന്നത്രേ ഇത്തവണ മുസ്‌ലിം വോട്ട്. അതിൽ ഏറിയ പങ്കും തൃണമൂലിനുതന്നെ ലഭിച്ചു. തൃണമൂലുമായി സഹകരിച്ചാൽ, ഇടതിനും കോൺഗ്രസിനും ലഭിക്കുന്ന തൃണമൂൽ വിരുദ്ധ വോട്ടുകൾ നഷ്ടപ്പെടുമെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലും പാളി. സിപിഎം ചെറുപ്പക്കാർക്കു കൂടുതലായി സീറ്റ് നൽകിയെങ്കിലും ബംഗാളിലെ പാർട്ടി നേതൃത്വം തികച്ചും ദുർബലമെന്നാണു വിമർശനം.

Content Highlights: Bengal election result: CPM account closed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com