കോടതി പരാമർശങ്ങൾ മാധ്യമങ്ങൾ നൽകുന്നത് തടയില്ല: സുപ്രീംകോടതി

Supreme Court
SHARE

ന്യൂഡൽഹി ∙ കോടതിയുടെ വാക്കാൽ പരാമർശങ്ങളടക്കം വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ ഹർജിയിലാണ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തിയത്.

രാജ്യത്തെ കോവിഡ് സാഹചര്യത്തിനു കമ്മിഷൻ മാത്രമാണ് ഉത്തരവാദിയെന്നും കൊലക്കുറ്റം ചുമത്തുകയാണു വേണ്ടതെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്.

കൂടുതൽ സംവാദങ്ങൾക്കു വഴിയൊരുക്കാനും സുതാര്യതയ്ക്കുമായി കോടതിയിലെ പരാമർശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ന്യായാധിപന്മാർ കോടതിയുടെ അന്തസ്സിനു ചേർന്ന രീതിയിൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇതാവശ്യമാണ്.

ജഡ്ജിമാരും അഭിഭാഷകരും തമ്മിൽ നടക്കുന്ന സംഭാഷണങ്ങളും നീതിന്യായ വ്യവസ്ഥയിൽ പ്രധാനമാണ്. വിധിന്യായങ്ങൾ മാത്രമല്ല, ഇത്തരം ചോദ്യോത്തരങ്ങളും പൗരതാൽപര്യമുള്ളതാണ്– സുപ്രീംകോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്ന് ബെഞ്ച് അറിയിച്ചു. ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താൻ ആഗ്രഹിക്കുന്നില്ല. അഭിപ്രായം പറയുന്നതിൽ ഹൈക്കോടതി ജഡ്ജിമാരും സ്വതന്ത്രരാണെന്ന കാര്യം സുപ്രീംകോടതിക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം, താനായിരുന്നെങ്കിൽ അത്തരം പരാമർശങ്ങൾ ഒഴിവാക്കുമായിരുന്നുവെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

കോടതി നടത്തിയ പരാമർശങ്ങൾ വിധിന്യായത്തിലുണ്ടായിരുന്നില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷനു വേണ്ടി രാകേഷ് ദ്വിവേദി പറഞ്ഞു. എന്നാൽ, വാക്കാൽ പരാമർശങ്ങളെല്ലാം ഉത്തരവിൽ ഉണ്ടാകണമെന്നു നിർബന്ധമില്ലെന്ന് ബെഞ്ച് പ്രതികരിച്ചു. കേസിൽ ഈയാഴ്ച ഉത്തരവു പുറപ്പെടുവിക്കുമെന്നും അതിൽ നിലപാടു വിശദമാക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA