ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പി‍ൽ ബിജെപിക്ക് ക്ഷീണം

HIGHLIGHTS
  • വാരാണസി, മഥുര, ലക്നൗ സമാജ് വാദി പാർട്ടിയും അയോധ്യയിൽ ബിഎസ്പിയും മുന്നിൽ
BJP-logo
SHARE

ന്യൂഡൽഹി ∙ ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പി‍ൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും അയോധ്യ, മഥുര, ലക്നൗ എന്നീ മുഖ്യ നഗരങ്ങളുൾപ്പെടുന്ന ജില്ലകളിലും ബിജെപിക്ക് തിരിച്ചടി. വാരാണസിയിലും മഥുരയിലും ലക്നൗവിലും സമാജ്‍വാദി പാർട്ടിയും അയോധ്യയിൽ ബിഎസ്പിയും മുന്നിലെത്തി. 

കോൺഗ്രസിനു പതിവുപോലെ തിരിച്ചടിയാണ്. സോണിയ ഗാന്ധിയുടെ റായ്ബറേലിയിൽ കോൺഗ്രസ് സമാജ്‍വാദി പാർട്ടിക്കു പിന്നിൽ രണ്ടാമതാണ്. 

യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ഈ 3 മേഖലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണായകമാണ്. ഈ മേഖലകളിലെ ആധിപത്യം സംസ്ഥാന ഭരണം നിർണയിക്കുന്നതിൽ മുഖ്യഘടകമാകാറുണ്ട്. കർഷക സമരത്തിനു പിന്തുണ ലഭിച്ച പടി‍ഞ്ഞാറൻ യുപിയിൽ ബിജെപിക്കാണ് മുന്നേറ്റം. 

വാരാണസിയിൽ എസ്പി 15 സീറ്റ് നേടിയപ്പോൾ ബിജെപിക്ക് 8 സീറ്റാണു കിട്ടിയത്. ബിഎസ്പി 5 സീറ്റ് നേടി. അപ്നാദൾ തുടങ്ങിയ ചെറുപാർട്ടികൾക്കും സ്വതതന്ത്രർക്കുമാണ് മറ്റു സീറ്റുകൾ. 

മഥുരയിൽ ബിഎസ്പി 12 സീറ്റിലും ബിജെപി 9 സീറ്റിലും ജയിച്ചു. രാഷ്ട്രീയ ലോക്ദളിന് 8 സീറ്റ് കിട്ടി. എസ്പിക്ക് ഒരു സീറ്റ്. രാമ ജന്മഭൂമിയുള്ള അയോധ്യയിൽ സമാജ്‍വാദി പാർട്ടി 24 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്കു ജയിക്കാനായത് 6 സീറ്റുകളിൽ മാത്രം. ബിഎസ്പിക്ക് 5 സീറ്റ്. 

യോഗി ആദിത്യനാഥിന്റെ ഗൊരഖ്പുരിൽ ബിജെപി 20 സീറ്റുകളും എസ്പി 19 സീറ്റുകളും നേടി. ഇവിടെ സ്വതന്ത്രർ 21 സീറ്റുകൾ നേടി. 

റായ്ബറേലിയിൽ എസ്പി 14, കോൺഗ്രസ് 10, ബിജെപി 9 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ സ്വതന്ത്രർക്ക് 19 സീറ്റുണ്ട്. 

ലക്നൗവിൽ എസ്പി 14, കോൺഗ്രസ് 10, ബിജെപി 9, മറ്റുള്ളവർ 19 എന്നിങ്ങനെയാണ് കക്ഷിനില. 

ആകെയുള്ള 3050 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ഫലമറിവായ സീറ്റുകളിൽ 918 എണ്ണം നേടിയതായി ബിജെപി അറിയിച്ചു. 715 എണ്ണവും നേടിയെന്നും കൂടുതൽ സീറ്റുകളിൽ ലീഡു ചെയ്യുന്നതായും എസ്പി അവകാശപ്പെട്ടു. ബിഎസ്പി 345, കോൺഗ്രസ് 71 എന്നിങ്ങനെ നേടി. 70 സീറ്റുകളിൽ ജയിച്ചതായി ആം ആദ്മി പാർട്ടിയും അവകാശപ്പെട്ടു.

ബിജെപി ടിക്കറ്റിൽ മത്സരിച്ച മുലായം സിങ്ങിന്റെ മരുമകൾ സംഗീത യാദവ്, സ്വതന്ത്രയായി മത്സരിച്ച മിസ് ഇന്ത്യ റണ്ണർ അപ്പ് ദിഷ സിങ് എന്നിവർ തോറ്റു. 

ഗ്രാമപഞ്ചായത്തുകൾ, ഗ്രാമ പ്രധാൻ സീറ്റുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിലെ 7.32 ലക്ഷം സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 

English Summary: Setback for BJP in Uttarpradesh district panchayath elections

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA