ന്യൂഡൽഹി∙ അഖിലേന്ത്യാ ബാഡ്മിന്റൻ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഹിമന്ത ബിശ്വ ശർമ. എപ്പോഴാണ് സ്മാഷ് ചെയ്യേണ്ടതെന്നും ഡ്രോപ്പ് ചെയ്യേണ്ടതെന്നും ഹിമന്തയോളം അറിയാവുന്ന മറ്റൊരു നേതാവ് ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയിൽ ഇല്ല. ഒടുവിൽ ഏറെ മോഹിച്ച അസം മുഖ്യമന്ത്രി പദത്തിലേക്കു കാലെടുത്തുവയ്ക്കുകയാണ് ഹിമന്ത.
മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം ഒരിക്കലും ഹിമന്ത മറച്ചുവച്ചിരുന്നില്ല. 2011ൽ കോൺഗ്രസിനെ 79 സീറ്റുകളോടെ അസമിൽ അധികാരത്തിലേക്കു കൈപിടിച്ചു കയറ്റിയതിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കു വലിയ പങ്കുണ്ടായിരുന്നു. തരുൺ ഗൊഗോയിയുടെ നിഴലിൽ നിന്നാൽ കോൺഗ്രസിൽ ഒന്നുമാകില്ലെന്നു തിരിച്ചറിഞ്ഞ ഹിമന്ത 2014ലെ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയിലേക്കു മാറി.
അസമീസ് ബ്രാഹ്മണ സമുദായാംഗമായ ഹിമന്ത അസമിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ നെടുംതൂണായി മാറിയത് മിന്നൽ വേഗത്തിലായിരുന്നു. മണിപ്പുരിലാകട്ടെ, ത്രിപുരയിലാകട്ടെ പാർട്ടിക്കു പ്രതിസന്ധി വന്നപ്പോഴൊക്കെ രക്ഷകനായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അസമിൽ കത്തിപ്പടർന്നപ്പോൾ ബിജെപിയുടെ നിലപാട് ജനങ്ങളിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
ഇത്തവണ പ്രകടനപത്രികയിൽ നിന്ന് സിഎഎ എന്ന വാക്കുപോലും ഒഴിവാക്കി ജനങ്ങൾക്കു കൊടുത്ത വാക്കു പാലിക്കുകയും ചെയ്തു. പാർട്ടിയുടെ നയങ്ങളിൽ കർക്കശ നിലപാടെടുക്കാതെ എതിരാളിക്കനുസരിച്ച് കളി മാറ്റുന്ന തന്ത്രമായിരുന്നു അത്.
ഇക്കുറി ജാലൂക്ക്ബാരിയിൽ നിന്ന് അഞ്ചാം തവണ ഹിമന്ത ജയിച്ചുകയറിയത് ഒരുലക്ഷത്തിലേറെ വോട്ടുകൾക്കാണ്.
താരതമ്യേന ഒതുങ്ങിയ പ്രകൃതക്കാരനായ സർബാനന്ദ സോനോവാളിന്റെ സർക്കാരിനുള്ള അംഗീകാരമായിരുന്നു വിജയമെങ്കിലും ഹിമന്തയുടെ ജനപ്രീതിക്കു മുന്നിൽ അദ്ദേഹവും അപ്രസക്തനായി.
അസമിലെ സോനാവാൾ കച്ചാരി ആദിവാസി വിഭാഗത്തിൽ നിന്നുള്ള സർബാനന്ദയായിരുന്നു പ്രധാനമന്ത്രി മോദിക്കും പ്രിയങ്കരൻ.
പക്ഷേ വോട്ടു വാങ്ങാൻ മികവ് ഹിമന്തയ്ക്കാണെന്ന് തിരിച്ചറിയാൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി തന്ത്രജ്ഞർക്കും വലിയ പ്രയാസമൊന്നുമുണ്ടായില്ല. അസമിൽ ഒതുങ്ങി നിൽക്കുന്നതല്ല ആ പ്രഭാവമെന്നതാണ് ആ തിരിച്ചറിവിന്റെ കാതൽ.