ശ്വാസം കിട്ടാതെ പിടയുന്നവരെ സഹായിച്ചതോ കുറ്റം; അട്ടിമറിക്കാമെന്ന് കരുതേണ്ട: ശ്രീനിവാസ്

BV-Srinivas
SHARE

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതർക്ക് ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. ഇന്ത്യയുടെ ‘ഓക്സിജൻ മാൻ’ എന്നു പേരു വീണ അദ്ദേഹം സംസാരിക്കുന്നു:

ഡൽഹി പൊലീസ് താങ്കളോട് ഉന്നയിച്ച ചോദ്യം തന്നെ ആവർത്തിക്കുന്നു. കോവി‍ഡ് ബാധിതർക്ക് ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കാനുള്ള പണം എവിടെ നിന്നാണ്?

യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കോൺഗ്രസ് ദേശീയ നേതൃത്വം, പൊതുജനം എന്നിവർ സംഭാവനയായി നൽകിയ പണം ഉപയോഗിച്ചാണ് ഓക്സിജൻ സിലിണ്ടറുകളും മരുന്നുകളും വാങ്ങിയത്.

ഓക്സിജൻ ക്ഷാമമില്ലാത്ത പഞ്ചാബ്, ഹിമാചൽപ്രദേശ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഞങ്ങൾ സിലിണ്ടറുകൾ വാങ്ങി. ഇതിനു പുറമേ നൂറുകണക്കിനാളുകളും പാർട്ടി അംഗങ്ങളും സിലിണ്ടറുകൾ സംഭാവന ചെയ്തു. യൂത്ത് കോൺഗ്രസ് അക്കൗണ്ടിലേക്കു സംഭാവനയായി എത്തിയ പണത്തിനു കൃത്യമായ കണക്കു സൂക്ഷിച്ചിട്ടുണ്ട്. അവ പരസ്യമാക്കും.

പൊലീസിന്റെ ചോദ്യം ചെയ്യലിനോടുള്ള പ്രതികരണം?

എനിക്കു പറയാനുള്ളവ രേഖാമൂലം അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലും കോവിഡ് ബാധിതർക്കു സഹായമെത്തിക്കാൻ യൂത്ത് കോൺഗ്രസ് രാപകൽ അധ്വാനിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് അത് അട്ടിമറിക്കാമെന്നു കരുതേണ്ട. ജനങ്ങളെ സഹായിക്കാൻ ആവും വിധം പ്രവർത്തിക്കും. ശ്വാസം കിട്ടാതെ പിടയുന്നവർക്കു സഹായമെത്തിച്ചതാണോ കുറ്റം?

കേന്ദ്രത്തിന്റെ കീഴിലുള്ള പൊലീസിന്റെ നടപടിയിൽ രാഷ്ട്രീയം സംശയിക്കുന്നുണ്ടോ?

പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്.

ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായമെത്തിക്കുക മാത്രമാണു ലക്ഷ്യം. എന്തു തടസ്സം നേരിട്ടാലും അതിൽ നിന്നു പിന്നോട്ടില്ല. ആരെയും ഭയക്കാതെ മുന്നോട്ടു പോവുക എന്ന സന്ദേശമാണു രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്.

പ്രവർത്തന രീതി വിശദീകരിക്കാമോ?

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. എന്റെ പേര് ടാഗ് ചെയ്ത് ട്വിറ്ററിലെത്തുന്ന സഹായാഭ്യർഥനകൾ കൺട്രോൾ റൂമിലേക്കു കൈമാറും. സഹായം തേടിയവരുമായി കൺട്രോൾ റൂം സംഘം ബന്ധപ്പെടും.

ഓക്സിജൻ സിലിണ്ടറാണു വേണ്ടതെങ്കിൽ ഞങ്ങളുടെ പക്കലുള്ള സിലിണ്ടറുകൾ സൗജന്യമായി അവരുടെ വീടുകളിലെത്തിക്കും. പ്രവർത്തിപ്പിക്കേണ്ട വിധവും പഠിപ്പിക്കും. ചിലർക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ ഓക്സിജന്റെ ആവശ്യം വരൂ. അത്രയും സമയം അതു ലഭ്യമാക്കിയ ശേഷം ബാക്കിയുള്ളതു മറ്റൊരു രോഗിയുടെ വീട്ടിലെത്തിക്കും.

സഹായം തേടി വിളിക്കുന്നവർക്കെല്ലാം സിലിണ്ടറുകളും മരുന്നുകളും ലഭ്യമാക്കുന്നുണ്ടോ?

ഇതുവരെ മൂന്നര ലക്ഷം പേർ സഹായത്തിനായി ബന്ധപ്പെട്ടു. അവർക്കെല്ലാം സിലിണ്ടറുകൾ എത്തിക്കുക സാധ്യമല്ല. കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനും പ്രത്യേക സംഘത്തിനു രൂപം നൽകിയിട്ടുണ്ട്. ആവശ്യക്കാർക്കു പ്ലാസ്മ ലഭ്യമാക്കാനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പ്ലാസ്മയുടെ ഡേറ്റ ബാങ്ക് രൂപീകരിച്ച ശേഷം സന്നദ്ധ സംഘത്തെ സജ്ജമാക്കും.

എതിർ പാർട്ടികളിൽ നിന്നുള്ളവർ മുതൽ വിദേശ എംബസികളിലെ ഉദ്യോഗസ്ഥർ വരെ സഹായം തേടി വിളിക്കുന്നു. രാഷ്ട്രീയമായി താങ്കളുടെ ഇമേജ് ഉയരുകയാണല്ലോ.

സഹായം തേടി വിളിക്കുന്നവരുടെ രാഷ്ട്രീയം നോക്കരുതെന്നു രാഹുൽ ഗാന്ധി നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനം തൽക്കാലത്തേക്ക് ഉപേക്ഷിച്ച്, ജനങ്ങളെ സഹായിക്കാനാണ് അദ്ദേഹത്തിന്റെ നിർദേശം. ഞങ്ങൾ ഒരു ടീം ആയിട്ടാണു പ്രവർത്തിക്കുന്നത്.

‘എസ്ഒഎസ് ഐവൈസി’ എന്ന പേരിൽ രൂപം നൽകിയ സേവന സംഘത്തിൽ ആയിരക്കണക്കിനു വൊളന്റിയർമാരുണ്ട്. അതിൽ ഒരാൾ മാത്രമാണു ഞാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA