ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് സ്ഥിതി വിലയിരുത്താനെന്ന പേരിൽ നരേന്ദ്രമോദി വിളിക്കുന്ന യോഗങ്ങളെല്ലാം ‘സൂപ്പർ ഫ്ലോപ്’ ആണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സംസ്ഥാനങ്ങളെ അങ്ങോട്ടു പറയാൻ അനുവദിക്കാതെ പ്രഭാഷണം നടത്തുന്ന മോദി, മുഖ്യമന്ത്രിമാരെ പാവകളെപ്പോലെ ഇരുത്തുകയാണെന്നും 10 സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്തിയ കോവിഡ് വിലയിരുത്തൽ യോഗത്തിനു ശേഷം മമത പറഞ്ഞു.

മമതയ്ക്കു പുറമേ മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിമാർക്കു സംസാരിക്കാൻ അവസരം നൽകിയില്ലെന്നാണു മമതയുടെ പരാതി. ‘എങ്ങനെയാണു ജനങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുക? ഞങ്ങൾ അടിമകളാണോ?’– മമത ചോദിച്ചു.  പ്രധാനമന്ത്രി എന്തിനാണു ചോദ്യങ്ങളെ ഭയക്കുന്നത്? ജനങ്ങൾ മരിച്ചു വീഴുമ്പോൾ ഡൽഹിയിലെ ‘ഷെഹൻഷാ’ വാചകമടിച്ചു നടക്കുകയാണ്. വാക്സീൻ ഇല്ല, ഓക്സിജനില്ല തുടങ്ങിയ കാര്യങ്ങളൊന്നും പറയാനോ ജനങ്ങളുടെ വിഷമം അറിയിക്കാനോ കഴിയുന്നില്ലെന്നും മമത പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലേക്ക് ഒഴുക്കുന്ന സംഭവത്തിൽ യുപി സർക്കാരിനെയും മമത വിമർശിച്ചു. 

നേരത്തേ ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറനും പ്രധാനമന്ത്രിയുടെ യോഗങ്ങളിൽ ‘മൻ കി ബാത്’ പ്രഭാഷണമാണ് നടക്കുന്നതെന്നു പറഞ്ഞിരുന്നു. ബംഗാൾ തിരഞ്ഞെടുപ്പു കാലത്ത് ശിവസേനയുടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കോവിഡ് കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ വിളിച്ചാൽ കിട്ടുന്നില്ലെന്നു പരാതിപ്പെട്ടിരുന്നു.അതേ സമയം, മമത നാടകം കളിക്കുകയാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളുടെ പ്രതികരണം.

വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധത്തിനു മുൻനിരയിലുള്ള ജില്ലാ കലക്ടർമാരോടും മറ്റുമാണ് പ്രധാനമന്ത്രി സംവദിച്ചത്. ചില മുഖ്യമന്ത്രിമാരും യോഗത്തിൽ സന്നിഹിതരായിരുന്നു. ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ കലക്ടറെ സംസാരിക്കാൻ മമത അനുവദിച്ചില്ലെന്നും  കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com