സംസ്ഥാനങ്ങൾക്കുള്ള വിഹിതം: പരിഗണിക്കുക 4 കാര്യങ്ങൾ, വാക്സീൻ നഷ്ടപ്പെടുത്തിയവർക്കു കുറച്ചേ നൽകൂ

THAILAND-HEALTH-VIRUS-VACCINE
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ ജനസംഖ്യ, രോഗബാധയുടെ തോത്, കുത്തിവയ്പിലെ പുരോഗതി, വാക്സീൻ ഉപയോഗത്തിലെ കാര്യക്ഷമത എന്നിവ പരിഗണിച്ചാകും സംസ്ഥാനങ്ങൾക്കുള്ള സൗജന്യ വാക്സീൻ അനുവദിക്കുകയെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സീൻ നഷ്ടപ്പെടുത്തിയവർക്കു കുറയുമെന്നും ആരോഗ്യമന്ത്രാലയം മാർഗരേഖയിൽ പറയുന്നു.

∙ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുക എന്നതിനെക്കാൾ, ആദ്യ ഡോസ് എടുത്തവർക്കു രണ്ടാം ഡോസിനു മുൻഗണന നൽകണം. ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കാകണം പ്രഥമ പരിഗണന. പ്രത്യേക മുൻഗണനാക്രമം നിശ്ചയിക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് ചെയ്യാം.

∙ ഏതു ജീവിതസാഹചര്യത്തിലുള്ള പൗരനും സൗജന്യ വാക്സീന് അർഹനാണ്. പണം നൽകി കുത്തിവയ്പെടുക്കണം എന്നുള്ളവർക്കു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാം.

∙ സർക്കാർ, സ്വകാര്യ കുത്തിവയ്പുകളിൽ തത്സമയ റജിസ്ട്രേഷനുള്ള അവസരം ഇനിയുണ്ടാകും. നേരത്തേ 45 വയസ്സിനു മുകളിലുള്ളവർക്കു മാത്രമായിരുന്നു ഇത്. കോവിൻ പോർട്ടലിലെ റജിസ്ട്രേഷൻ തുടരുമെങ്കിലും ആർക്കും മുൻകൂർ റജിസ്ട്രേഷനില്ലാതെ ചെന്നു വാക്സീനെടുക്കാം. നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കണം.

∙ വാക്സീൻ റജിസ്ട്രേഷന് കൂടുതൽ സൗകര്യമൊരുക്കാൻ പൊതുസേവന കേന്ദ്രങ്ങളെയും കോൾ സെന്ററുകളെയും ഉപയോഗപ്പെടുത്തണം.

∙ ഓരോ ഘട്ടത്തിലും സംസ്ഥാനങ്ങൾക്ക് എത്ര വീതം വാക്സീൻ നൽകുമെന്നു മുൻകൂട്ടി അറിയിക്കും. ഈ രീതി ജില്ലകൾക്കു കൈമാറുമ്പോൾ സംസ്ഥാനങ്ങളും പാലിക്കണം.

വരുന്നു, വാക്സീൻ വൗച്ചർ

റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ഇലക്ട്രോണിക് വാക്സീൻ വൗച്ചർ കൂപ്പണുകൾ വരുന്നു. സ്വകാര്യ വാക്സീൻ കുത്തിവയ്പു കേന്ദ്രത്തിൽ ഉപയോഗിക്കാവുന്നതും കൈമാറ്റം ചെയ്യാൻ കഴിയാത്തതുമായ വാക്സീൻ വൗച്ചറുകൾ ആളുകൾക്ക് സമ്മാനിക്കാം. പണം ഇല്ലാത്ത ഒരാൾക്ക് സ്വകാര്യ ആശുപത്രി വഴി വാക്സീൻ വേഗത്തിൽ ലഭ്യമാക്കാൻ ഇതു സഹായിക്കും.

English Summary: States/UTs to get vaccines based on population, disease burden; wastage to affect allocation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA