ADVERTISEMENT

ന്യൂഡൽഹി ∙ ഗ്രൂപ്പ് നേതൃത്വങ്ങളെ അപ്രസക്തമാക്കി കോൺഗ്രസ് ഹൈക്കമാൻഡിന്റെ പവർപ്ലേ. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലെന്ന പോലെ, ഹൈക്കമാൻഡ് മുൻകയ്യെടുത്തുള്ള നിയമനമാണു സുധാകരന്റേതും. കേരളത്തിൽനിന്നുള്ള എംപിയെന്ന നിലയിൽ, രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടു. 

ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന രീതി ഇക്കുറി വേണ്ടെന്നു രാഹുൽ നിർദേശിച്ചിരുന്നു. ഒപ്പം, തീരുമാനം അടിച്ചേൽപിക്കുന്നത് ഒഴിവാക്കാനും താൽപര്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഗ്രൂപ്പ് നേതാക്കളെയും ജനപ്രതിനിധികളെയും ഭാരവാഹികളെയും ഫോണിൽ വിളിച്ച് അഭിപ്രായം തേടിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടെയും പേരു നിർദേശിച്ചില്ല. 

ജനപ്രതിനിധികളിൽ ഒരു വിഭാഗം സുധാകരനെ പിന്തുണച്ചപ്പോൾ, ചിലർ എതിർനിലപാടെടുത്തു. മറ്റുള്ളവർ തീരുമാനം ‍ഡൽഹിക്കു വിട്ടു. എ.കെ. ആന്റണി, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടി.

സുധാകരനു പുറമേ കൊടിക്കുന്നിൽ സുരേഷ്, കെ.വി. തോമസ്, പി.ടി. തോമസ് എന്നിവരുടെ പേരുകളാണു ഹൈക്കമാൻഡ് പരിഗണിച്ചത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നു മനസ്സിലാക്കിയ ഹൈക്കമാൻഡ്, അതു മാനിച്ചുള്ള തീരുമാനത്തിലേക്കു നീങ്ങി. ഒറ്റപ്പേര് മാത്രമാണ് അന്തിമ ഘട്ടത്തിൽ  ഉണ്ടായിരുന്നത്. 

ഉശിരോടെ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേർക്കുനേർ നേരിടാൻ, കണ്ണൂരിലെ തീവ്ര രാഷ്ട്രീയത്തിന്റെ വക്താവായ സുധാകരൻ തന്നെയാണ് ഉചിതമെന്നും കണക്കുകൂട്ടി. വിവരം രാഹുൽ തന്നെ സുധാകരനെ നേരിട്ടു വിളിച്ചറിയിച്ചതും ശ്രദ്ധേയം.

കെപിസിസി പ്രസിഡന്റ് പദവിയിലേക്കു സജീവമായി പരിഗണിക്കപ്പെട്ടവർ എന്ന നിലയിലാണു കൊടിക്കുന്നിൽ സുരേഷിനും പി.ടി. തോമസിനും വർക്കിങ് പ്രസിഡന്റ് പദവി നൽകിയത്. മലബാറിൽ നിന്നുള്ള ന്യൂനപക്ഷ പ്രതിനിധിയും യുവ സാന്നിധ്യവും എന്ന നിലയിൽ ടി. സിദ്ദിഖിനും നറുക്കുവീണു. 

അന്തരിച്ച മുൻ വർക്കിങ് പ്രസിഡന്റ് എം.ഐ. ഷാനവാസിന്റെ പകരക്കാരനായും സിദ്ദിഖിനെ പരിഗണിച്ചു. സാമുദായിക സന്തുലനവും ഉറപ്പാക്കി. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവായ കെ.വി. തോമസിനെ യുഡിഎഫ് കൺവീനറായി പരിഗണിച്ചേക്കും. 

English Summary: High command control over KPCC president appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com