ജിതിൻ പ്രസാദ ബിജെപിയിൽ; സോണിയയ്ക്കു കത്തെഴുതിയ ജി–23 സംഘത്തിലെ നേതാവ്

Jitin-Prasada
ജിതിൻ പ്രസാദ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുന്നു
SHARE

ന്യൂഡൽഹി ∙ എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദിന്റെ മകനായ ജിതിൻ പ്രസാദ (47), കോൺഗ്രസിൽ ശൈലീമാറ്റവും നേതൃമാറ്റവുമാവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയ ജി–23 സംഘത്തിൽപ്പെട്ടയാളാണ്. പ്രിയങ്ക ഗാന്ധിക്കു യുപിയുടെ ചുമതല നൽകിയതിൽ അസ്വസ്ഥനുമായിരുന്നു.

2 തവണ യുപിയിൽനിന്നു ലോക്സഭയിലെത്തിയ ജിതിൻ പ്രസാദ 2014, 19 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2017 ലെ യുപി തിരഞ്ഞെടുപ്പിലും തോറ്റു. ബിജെപിയിൽ ചേരുമെന്ന് 2019 മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. 

കുടുംബത്തിനു 3 തലമുറയായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത് ഏറെ ആലോചിച്ചാണെന്നും ദേശീയ തലത്തിൽ ചിന്തിക്കുന്ന ഉറച്ച നേതൃത്വം ബിജെപിക്കാണുള്ളതെന്നും ജിതിൻ പറഞ്ഞു. ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അംഗത്വം നൽകിയത്. രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും സന്ദർശിച്ചിരുന്നു.

ബിജെപി ബംഗാളിൽ പ്രയോഗിച്ച തന്ത്രങ്ങൾ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന യുപിയിലും നടത്തുമെന്നതിന്റെ സൂചനയാണ് ജിതിൻ പ്രസാദയുടെ കൂടുമാറ്റം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഠാക്കൂർ സമുദായത്തിനു ലഭിച്ച പ്രാമുഖ്യത്തിൽ അതൃപ്തരായ ബ്രാഹ്മണ സമുദായത്തെ അനുനയിപ്പിക്കാൻ ജിതിന്റെ വരവോടെ കഴിയുമെന്നു പാർട്ടി കണക്കുകൂട്ടുന്നു. 

രാഹുൽ ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്ന നേതാക്കളിൽ, സമീപകാലത്തു ബിജെപിയിലെത്തുന്ന രണ്ടാമത്തെയാളാണ് ജിതിൻ; 2020 മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നിരുന്നു.

English Summary: Jitin Prasada joins BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA