ADVERTISEMENT

ന്യൂഡൽഹി ∙ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം രാജ്യവ്യാപകമാക്കാനുള്ള മാർഗം സംയുക്ത കിസാൻ മോർച്ചയുടെ (എസ്കെഎം) ഇന്നു ചേരുന്ന ജനറൽ ബോഡി ചർച്ച ചെയ്യും.  സമരക്കാരുമായി ചർച്ചയ്ക്കു തയാറാണെന്ന കേന്ദ്ര നിലപാട് എസ്കെഎം തള്ളി.

ഡൽഹി – ഹരിയാന, ഡൽഹി – യുപി അതിർത്തികളിലായി ഒതുങ്ങുകയാണ് ഇപ്പോൾ സമരം. ഡൽഹി അതിർത്തിയിലെ പോലെ രാജ്യവ്യാപക സമരത്തെപ്പറ്റിയാണ് എസ്കെഎം ആലോചിക്കുന്നത്. പഞ്ചാബ് മാതൃകയിൽ അദാനി, അംബാനി ഉൾപ്പെടെയുള്ള കമ്പനികളുടെ ഉൽപന്നങ്ങൾ എല്ലായിടത്തും ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്യും.

നിയമങ്ങളിൽ ഏതൊക്കെ വ്യവസ്ഥകളോടാണ് വിയോജിപ്പെന്ന് യുക്തിസഹമായി പറഞ്ഞാൽ ചർച്ചയ്ക്കു തയാറെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

എന്നാൽ, ശമ്പള വർധന പോലെയുള്ള വിഷയങ്ങളിലാണ് അത്തരം വാദങ്ങൾ ഉന്നയിക്കാറുള്ളതെന്നും കാർഷിക നിയമങ്ങൾക്ക് അടിസ്ഥാനമാകുന്ന നയം തന്നെ തിരുത്തണമെന്നാണ് നിലപാടെന്നും നേതാക്കൾ പറഞ്ഞു. വാക്സീൻ നയം തിരുത്തിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

പ്രതിപക്ഷം ഒറ്റക്കെട്ടായി സമരത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് മമതയും പറഞ്ഞു. എന്നാൽ, കൂടിക്കാഴ്ച ടികായത്തിന്റെ മാത്രം തീരുമാനമാണെന്നും തങ്ങൾക്കതിൽ പങ്കില്ലെന്നും എസ്കെഎം നേതാക്കൾ സൂചിപ്പിച്ചു.

English Summary: Farmers to launch nationwide protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com