ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു. മോദി സർക്കാർ കൊണ്ടുവന്ന എക്സൈസ് നികുതി വർധന പിൻവലിക്കുക, രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്കു നൽകുക, പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.  

യുപി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൊഴികെ സമരം സമാധാനപരമായിരുന്നു. ലക്നൗവിലും ഗാന്ധിനഗറിലും ഭോപാലിലും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദിഗ്‌വിജയ് സിങ് എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസുണ്ട്. ഡൽഹിയിൽ ഫിറോസ്ഷാ കോട്‌ലയിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുതിരവണ്ടിയിലാണ് എത്തിയത്. 

കോവിഡ് പ്രശ്നങ്ങൾക്കിടയിലും കഴിഞ്ഞ ഒരു വർഷത്തിനിടെ 3.5 ലക്ഷം കോടിയാണ് സർക്കാർ നികുതി വർധനയിലൂടെ നേടിയത്. ഇക്കാലത്ത് ക്രൂഡ് ഓയിൽ വില കാര്യമായി കുറഞ്ഞിട്ടും നികുതി വർധനയിലൂടെ കമ്പനികളെ സഹായിക്കുന്ന നടപടിയാണ് സർക്കാർ എടുത്തത്. രാജ്യത്തെ ജനങ്ങൾക്കു മുഴുവൻ വാക്സീൻ നൽകാൻ 67,000 കോടി മതിയായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രസർക്കാരിനെ വിമർശിച്ചു. ജിഡിപി തകരുന്നു, തൊഴിലില്ലായ്മ കുതിക്കുന്നു, കൂട്ടത്തിൽ ഇന്ധന വില ആകാശം തൊടുന്നു. ഏതൊക്കെ വഴിക്കാണ് ബിജെപി ഇന്ത്യയെ കൊള്ളയടിക്കുന്നത്? രാഹുൽ ചോദിച്ചു. 

കോൺഗ്രസ് അധികാരത്തിലിരുന്ന 2014 മേയിൽ ക്രൂഡ് ഓയിൽ ബാരലിന് 108 ഡോളറായിരുന്നു വില. അന്ന് പെട്രോളിനും ഡീസലിനും 71.41, 55.49 രൂപ വീതമായിരുന്നു വില. ഈ മാസം 10ന് ക്രൂഡ് ഓയിൽ വില ബാരലിന് 71 ഡോളറാണ്. അപ്പോഴും ഇന്ത്യയിൽ ഇതേവരെയില്ലാത്ത നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്നു. – കോൺഗ്രസ് ആരോപിച്ചു.

മുംബൈയിൽ പെട്രോളിന് 102 രൂപ കടന്നു

ന്യൂഡൽഹി ∙ ഇന്ധന വിലയിൽ ഇന്നലെയും വർധന. പെട്രോൾ, ഡീസൽ വിലയിൽ 28, 29 പൈസ വീതം വർധനയുണ്ടായി. ഡൽഹിയിൽ പെട്രോളിന് 95.85 രൂപയും ഡീസലിന് 86.75 രൂപയുമായി. മുംബൈയിൽ ഒരു ലീറ്റർ പെട്രോളിന് 102 രൂപ കടന്നു.

English Summary: Congress protest against fuel price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com