ADVERTISEMENT

ന്യൂഡൽഹി ∙ എൻറിക ലെക്സി കടൽക്കൊല കേസിൽ നഷ്ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി നൽകിയ സാഹചര്യത്തിൽ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചേക്കും. ഈ മാസം 15ന് ഉത്തരവു നൽകുന്നതിനായി കേസ് മാറ്റുന്നതായി ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തറോറെ ജിറോണിൻ, മസിമിലാനോ ലത്തോർ എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും മറ്റും നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ വർഷം മേയ് 21നാണ് ട്രൈബ്യൂണൽ വിധിച്ചത്.

നിലവിൽ സുപ്രീം കോടതിയിലുള്ളത് 5 കേസുകളാണ്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നഷ്ടപരിഹാരത്തുക ലഭിച്ചശേഷം തീരുമാനമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇറ്റലി കേന്ദ്ര സർക്കാരിനു നൽകിയ തുക കോടതിയിൽ അടച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത ഇന്നലെ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികൾക്കു മാത്രമല്ല, പരുക്കേറ്റവർക്കും മറ്റും നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്നും കേരള സർക്കാരാണ് തുക വീതംവയ്ക്കേണ്ടതെന്നും എസ്ജി പറഞ്ഞു. വീതംവച്ചു നൽകാനായി തുക കേരള ഹൈക്കോടതിക്കു കൈമാറിയേക്കുമെന്ന് കോടതി സൂചിപ്പിച്ചു.

പ്രതികൾക്കെതിരെയുള്ള ക്രിമിനൽ നടപടികളെല്ലാം അവസാനിപ്പിക്കണമെന്ന് ഇറ്റലിക്കുവേണ്ടി സൊഹൈൽ ദത്ത വാദിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ഇറ്റലിക്കാണ് അധികാരമെന്ന് എസ്ജി പറഞ്ഞു. കേസ് തുടരുമെന്ന് ട്രൈബ്യൂണലിന് ഇറ്റലി ഉറപ്പുനൽകിയെങ്കിലും പുരോഗതിയുള്ളതായി സൂചനയില്ലെന്ന് സർക്കാർവ‍ൃത്തങ്ങൾ മനോരമയോടു പറഞ്ഞു.

English Summary: Sea murder case to be closed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com