ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് രണ്ടാം തരംഗം ഗർഭിണികളിലും പ്രസവിച്ച് അധികകാലമാകാത്തവരിലും കൂടുതൽ ബാധിച്ചതായി ഐസിഎംആർ പഠനം. ഇവരിൽ 28.7% ആണ് വ്യാപനനിരക്ക്. ആദ്യഘട്ടത്തിൽ ഇത് 14.2% ആയിരുന്നു. മരണനിരക്കിലും വർധനയുണ്ട് (5.7%). ആദ്യഘട്ടത്തിൽ ഇത് 0.7% ആയിരുന്നു. 

അതേസമയം, രാജ്യത്താകെ കോവിഡ് കേസുകൾ കുറഞ്ഞു. ആകെ 8,26,740 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 2330 പേർ. പ്രതിദിന മരണം ഏറ്റവുമധികം മഹാരാഷ്ട്രയിൽ (1236).

കുട്ടികൾക്കു വേണം പ്രത്യേക സൗകര്യം

കോവിഡ് മൂന്നാം തരംഗത്തിനു മുൻപേ 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്കായി കോവിഡ് കെയർ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങളൊരുക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചു. ചികിത്സാ കേന്ദ്രങ്ങളിൽ പീഡിയാട്രിക് പരിചരണങ്ങൾക്കുള്ള സംവിധാനങ്ങളും വിദഗ്ധരെയും സജ്ജമാക്കണം. ചികിത്സാവേളയിൽ രക്ഷിതാക്കളെയും അനുവദിക്കത്തക്ക വിധമായിരിക്കണം സൗകര്യങ്ങള്‍. മുതിർന്നവർക്കു നൽകുന്ന പല മരുന്നുകളും കുട്ടികൾക്കു നൽകരുത്. ചെറിയ ലക്ഷണങ്ങളുള്ളവർക്ക് വീട്ടിൽത്തന്നെ ചികിത്സ ഒരുക്കണം. നീരീക്ഷണത്തിന് ആശാവർക്കർമാരെ നിയോഗിക്കണമെന്നും നിർദേശത്തിലുണ്ട്.

കോവാക്സിൻ: ചർച്ച 23ന്

കോവാക്സിന്റെ രാജ്യാന്തര അംഗീകാരം സംബന്ധിച്ച് ഭാരത് ബയോടെക്കും ലോകാരോഗ്യസംഘടനയും 23ന് ചർച്ച നടത്തും. രേഖകളെല്ലാം സമർപ്പിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയമാണു ചർച്ചകൾക്ക് സഹായം ചെയ്യുന്നത്. 

കൂടുതലിടങ്ങളിലേക്ക് സ്പുട്നിക് 

ഹൈദരാബാദിനും ഡൽഹിക്കും പുറമേ കൂടുതൽ നഗരങ്ങളിലേക്ക് റഷ്യൻ വാക്സീനായ സ്പുട്നിക് എത്തിക്കും. ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബഡ്ഡി (ഹിമാചൽപ്രദേശ്), കോലാപ്പുർ, മിര്യാലഗുഡ (തെലങ്കാന) എന്നിവിടങ്ങളിൽക്കൂടി സോഫ്റ്റ് ലോഞ്ച് നടത്തുമെന്ന് ഡോ.റെഡ്ഡീസ് ലാബ് അറിയിച്ചു. ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു കഴിഞ്ഞാൽ കോവിൻ പോർട്ടലിൽ ലഭ്യമാകും. നിലവിൽ 1145 രൂപയാണ് ഒരു ഡോസിന് ഈടാക്കുന്നത്. 91.6% ആണ് ഫലപ്രാപ്തി. 

English Summary: Covid second wave affected pregnant women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com