ജമ്മു കശ്മീർ മണ്ഡല പുനഃക്രമീകരണം; ഗുപ്കർ സഖ്യം നാളെ ചേരും

jammu-kashmir-military
SHARE

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ മണ്ഡല പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് 24നു കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാതെ രാഷ്ട്രീയ കക്ഷികൾ. പിഡിപി, നാഷനൽ കോൺഫറൻസ് എന്നിവയടക്കം ജമ്മു കശ്മീരിലെ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യം നാളെ യോഗം ചേർന്ന് നിലപാട് തീരുമാനിക്കും.

യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ‌ പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതി പാർട്ടി മേധാവി മെഹബൂബ മുഫ്തിയെ ചുമതലപ്പെടുത്തി. സിപിഎം, നാഷനൽ കോൺഫറൻസ് എന്നിവയും വരും ദിവസങ്ങളിൽ യോഗം ചേരും.

ജമ്മു കശ്മീരിനു പൂർണ സംസ്ഥാന പദവി തിരികെ നൽകാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നു വ്യക്തമാക്കിയ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല, യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കുന്ന കാര്യത്തിൽ മൗനം പാലിച്ചു. പാർട്ടി ഹൈക്കമാൻഡ് വിഷയം ചർച്ച ചെയ്യും. യോഗത്തിൽ പങ്കെടുക്കണമെന്നാണു കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. ആകെ 14 കക്ഷികൾക്കാണു കേന്ദ്രത്തിന്റെ ക്ഷണമുള്ളത്.

ജമ്മു കശ്മീർ, ലഡാക്ക് ഭരണ സംവിധാനം

ജമ്മു കശ്മീർ സംസ്ഥാനം 2019 ഒക്ടോബർ 31 ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചു. ജമ്മു കശ്മീരിൽ 22 ജില്ലകൾ, ലഡാക്കിൽ രണ്ടും. ജമ്മു കശ്മീർ നിയമസഭയിൽ 83 സീറ്റ് (അധിനിവേശ കശ്മീരിലെ 24 സീറ്റുകൾ ഒഴിച്ചിട്ട്). ലഡാക്കിന് നിയമസഭയില്ല. പാർലമെന്റ് പ്രാതിനിധ്യത്തിൽ ജമ്മു കശ്മീരിൽ 5 ലോക്സഭാ മണ്ഡലങ്ങളും രണ്ടു രാജ്യസഭാ സീറ്റും. ലഡാക്കിന് ഓരോന്നു വീതം രാജ്യസഭാ, ലോക്സഭാ സീറ്റും. ജമ്മു കശ്മീരും ലഡാക്കും ജമ്മു കശ്മീർ ഹൈക്കോടതിയുടെ നിയമപരിധിക്കുള്ളിൽ വരും. നിലവിൽ ലഫ്.ഗവർണർമാരായ മനോജ് സിൻഹ ജമ്മു കശ്മീരിന്റെയും ആർ.കെ.മാത്തൂർ ലഡാക്കിന്റെയും ഭരണച്ചുമതല നിർവഹിക്കുന്നു.

English Summary: Jammu and Kashmir delimitation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA