ADVERTISEMENT

ന്യൂഡൽഹി ∙ ചേരികളുടെ ബിഷപ് എന്നു വിശേഷിപ്പിക്കപ്പെട്ട ബ്രസീലിയൻ ആർച്ച് ബിഷപ് ഹെൽദർ കാമ്റയുടെ പ്രവർത്തനരീതി ഫാ. സ്റ്റാൻ സ്വാമിയെ സ്വാധീനിച്ചിരുന്നു. ‘ദരിദ്രർക്കു ഭക്ഷണം നൽകുമ്പോൾ നിങ്ങളെന്നെ വിശുദ്ധനെന്നു വിളിക്കും; അവരെങ്ങനെ ദരിദ്രരായി എന്നു ചോദിക്കുമ്പോൾ കമ്യൂണിസ്റ്റെന്നു വിളിക്കും’ – ആർച്ച് ബിഷപ് കാമ്റ ഭരണകൂട രീതിയെക്കുറിച്ചു പറഞ്ഞു.

ആദിവാസി മേഖലകളിലെ സേവനപ്രവർത്തനങ്ങൾക്കപ്പുറം, ഭരണകൂടത്തിന്റെ രീതികളെ അവർക്ക് അലോസരമുണ്ടാക്കുംവിധം ചോദ്യം ചെയ്തപ്പോഴാണ് ഫാ.സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് എന്നു മുദ്ര കുത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ഫാ.സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്യുന്നത്. താൻ നേരിടുന്ന നടപടിക്കു പ്രത്യേകതകളൊന്നുമില്ലെന്നും ഭരണകൂടത്തോട് ചോദ്യങ്ങൾ ഉന്നയിക്കുന്ന പല ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും കലാകാരൻമാരുടെയുമൊക്കെ സ്ഥിതി മറ്റൊന്നല്ലെന്നും ഫാ. സ്റ്റാൻ സ്വാമി പറഞ്ഞു; അനീതികൾ സംഭവിക്കുമ്പോൾ മൂകനായ കാഴ്ചക്കാരനാവാൻ തനിക്കാവില്ലെന്നും അതിനായി എന്തു വില കൊടുക്കാനും തയാറെന്നും.

ആദിവാസി മേഖലകളിൽ വികസനം ഉറപ്പാക്കാൻ ഭരണഘടനയുടെ 5–ാം പട്ടികയിൽ പറയും പ്രകാരം ആദിവാസി കൗൺസിൽ രൂപീകരണമെന്നതായിരുന്നു അദ്ദേഹം നിരന്തരമായി ഉന്നയിച്ചിരുന്ന ആവശ്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വിരഗലൂർ  ഗ്രാമത്തിലാണ് ഫാ. സ്റ്റാനിസ്ളാവൂസ് ലൂർദ്സ്വാമി  ജനിച്ചത്. ഫിലിപ്പീൻസിലെ പഠനകാലത്തുതന്നെ വിവിധ അവകാശ സമരങ്ങളിൽ പങ്കെടുത്തു. ജസ്വിറ്റുകളുടെ ജാംഷെഡ്പുർ പ്രൊവിൻസ് അംഗമായിരുന്നു. ബെംഗളുരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലും (ഐഎസ്ഐ) ജാർഖണ്ഡിൽ വെസ്റ്റ് സിംഗ്ഭൂം ജില്ലയിലുള്ള ജസ്വിറ്റ് സോഷ്യൽ സെന്ററിലും റാഞ്ചിയിലെ ബഗായ്ച സേവന പരിശീലന കേന്ദ്രത്തിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ബെംഗളൂരു ഐഎസ്ഐ ഡയറക്ടറായിരിക്കെ, പ്രതിസന്ധിയിലായവരെ സഹായിക്കാനും രാജ്യത്തെ സ്ഥിതി വിശകലനം ചെയ്യുന്നതിനുള്ള പരിശീലന പരിപാടികൾക്കും നേതൃത്വം നൽകി.

ജാർഖണ്ഡിലും ഛത്തീസ്ഗഡിലും ഒഡീഷയിലും മധ്യപ്രദേശിലും ഗ്രാമസഭകളറിയാതെ, സർക്കാരുമായി കരാറുണ്ടാക്കി വൻകിട കമ്പനികൾ നിയമവിരുദ്ധമായി നടത്തുന്ന ഖനനത്തെ ചോദ്യം ചെയ്തുള്ള ആദിവാസി പ്രക്ഷോഭങ്ങളിൽ ഫാ.സ്റ്റാൻ സ്വാമിയും പങ്കെടുത്തു. ആദിവാസികളായ ചെറുപ്പക്കാർ വലിയ തോതിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, പീഡിത തടവുപുള്ളികളുടെ ഐക്യദാർഡ്യത്തിനു സമിതിയുണ്ടാക്കാനും മുൻകൈയെടുത്തു. ജാർഖണ്ഡിലെ ഖുണ്ഡി ജില്ലയിൽ, ആദിവാസികൾ ഭരണഘടനാപരമായ അവകാശങ്ങൾ കല്ലുകളിന്മേൽ എഴുതിവയ്ക്കുകയെന്ന പത്തൽഗഡി സമരരീതി തുടങ്ങി. അതിനെ പിന്തുണച്ചതിന് ഫാ.സ്റ്റാൻ സ്വാമിക്കും മറ്റു 19 പേർക്കുമെതിരെ കേസ് റജിസ്റ്റർ െചയ്തു. സ്റ്റാൻ സ്വാമി ഒളിവിലെന്നു പ്രഖ്യാപിച്ച കോടതി, അദ്ദേഹത്തിന്റെ വസ്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു. 2 മേശ, ഒരു സ്റ്റീൽ ഷെൽഫ്, 3 പ്ലാസ്റ്റിക് കസേര, ഒരു കിടക്ക വിരി, ഒരു തലയണ – ഇവയാണ് പൊലീസ് കണ്ടുകെട്ടിയത്.

2018 ലാണ് ഭീമ കൊറേഗാവ് കേസിൽ ഫാ.സ്റ്റാൻ സ്വാമിയെയും ഉൾപ്പെടുത്തുന്നത്. ഒരിക്കൽ പോലും അവിടെ പോയിട്ടില്ലെന്ന വാദം വിലപ്പോയില്ല. ജയിലിൽനിന്ന് ഒരു ജസ്വിറ്റ് വൈദികന് എഴുതിയ കത്ത് ഫാ.സ്റ്റാൻ സ്വാമി അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ‘കൂട്ടിലടയ്ക്കപ്പെട്ട പക്ഷിക്കും പാടാനാവും.’

ഇന്നലെ ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ച് റാഞ്ചി അതിരൂപതയിൽനിന്ന് ആർച്ച് ബിഷപ് ഫെലിക്സ് ടോപ്പോ എഴുതി: ‘കൂട്ടിലടയ്ക്കപ്പെട്ട പക്ഷി സ്വർഗത്തിൽ പാടുന്നു, പക്ഷേ, നമ്മുടെ കൈകളിൽ ചോര പുരണ്ടിരിക്കുന്നു.’

English Summary: 84-Year-Old Activist Stan Swamy Dies In Hospital Waiting For Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com