ADVERTISEMENT

ന്യൂഡൽഹി ∙ 6 പ്രമുഖ കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 12 പേരെ ഒഴിവാക്കിയും പുതിയ 15 കാബിനറ്റ് മന്ത്രിമാരെയും 28 സഹമന്ത്രിമാരെയും ഉൾപ്പെടുത്തിയും കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കർണാടകയിൽനിന്നുളള രാജ്യസഭാംഗവും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി സാന്നിധ്യമായി. 

നിയമ–ഐടി മന്ത്രി രവിശങ്കർ പ്രസാദ്, വനം–പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ, ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ, വളം–രാസവസ്തു മന്ത്രി സദാനന്ദ ഗൗഡ തുടങ്ങിയവരെ മാറ്റിയത് അപ്രതീക്ഷിതമായി. മൻസുഖ് മാണ്ഡവ്യയാണ് പുതിയ ആരോഗ്യമന്ത്രി. ധർമേന്ദ്ര പ്രധാന് വിദ്യാഭ്യാസവും ഭൂപേന്ദർയാദവിന് വനം പരിസ്ഥിതി വകുപ്പും നൽകി. നിയമ വകുപ്പ് കിരൺ റിജിജുവിനും ഐടി വകുപ്പ് അശ്വിനി വൈഷ്ണവിനും നൽകി. പുതുതായി രൂപവൽക്കരിച്ച സഹകരണ വകുപ്പിന്റെ ചുമതല കൂടി അമിത്ഷായ്ക്കു നൽകി.

കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ (വ്യോമയാനം), മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി നാരായണൻ റാണെ (സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങൾ), അസം മുൻമുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ (ഷിപ്പിങ്, ആയുഷ്), മുൻ ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. വീരേന്ദ്രകുമാർ (സാമൂഹിക നീതി), ജെഡി (യു) ദേശീയ അധ്യക്ഷൻ ആർസിപി സിങ് (ഉരുക്ക്), എൽജെപി നേതാവ് പശുപതി പരസ് (ഭക്ഷ്യ സംസ്കരണം), ഒഡീഷയിൽനിന്നു രാജ്യസഭാംഗമായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അശ്വിനി വൈഷ്ണവ് (റെയിൽവേ, ഐടി), രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗം ഭൂപേന്ദർ യാദവ് (വനം, പരിസ്ഥിതി, തൊഴിൽ) എന്നിവർ പുതിയ കാബിനറ്റ് മന്ത്രിമാരിലുൾപ്പെടും.  

സഹമന്ത്രിമാരായിരുന്ന കിരൺ റിജിജു, ഹർദീപ് സിങ് പുരി (നഗരവികസനം പെട്രോളിയം, ഗ്യാസ്), ആർ.കെ.സിങ് (ഊർജം), മൻസുഖ് മാണ്ഡവ്യ, പുരുഷോത്തം രൂപാല (ഫിഷറീസ്, മൃഗസംരക്ഷണം) ജി.കിഷൻ റെഡ്ഡി (സാംസ്കാരികം, ടൂറിസം), അനുരാഗ് ഠാക്കൂർ (സ്പോർട്സ്, വാർത്താവിനിമയം) എന്നിവരെ കാബിനറ്റ് മന്ത്രിമാരാക്കി. 

English Summary : PM Modi's new cabinet ministers oath taking ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com