ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അടിച്ചമർത്താൻ ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹ നിയമത്തിന് ഇപ്പോൾ എന്തു പ്രസക്തിയെന്നു കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ചോദിച്ചു. രാജ്യദ്രോഹക്കുറ്റം കോളനികാലത്തേതാണ്. എന്തുകൊണ്ട് ഇത് ഒഴിവാക്കിക്കൂടാ എന്നു ചോദിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ, രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹർജികളെല്ലാം ഒരുമിച്ചു പരിഗണിക്കുമെന്നും വ്യക്തമാക്കി.

രാജ്യദ്രോഹം സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു റിട്ട. മേജർ ജനറൽ എസ്.ജി. വൊംബത്കരെ നൽകിയ ഹർജിയിൽ കോടതി കേന്ദ്രസർക്കാരിനു നോട്ടിസയച്ചു. ജീവിതം മുഴുവൻ രാജ്യത്തിനു വേണ്ടി സമർപ്പിച്ച ഒരാൾ നൽകിയ ഹർജിയാണിതെന്നും ഇതിനു മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടെന്നു പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീട്ടുകളിക്കാരും ചൂതാട്ടക്കാരുമുൾപ്പെടെ ആരെയും കേസിൽ പെട‌ുത്തണമെന്നു തോന്നിയാൽ രാജ്യദ്രോഹം ചുമത്താവുന്ന തരത്തിൽ വിശാലമാണ് 124എ വകുപ്പ്. ഇതിന്റെ ദുരുപയോഗം, ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടികൾ തുടങ്ങിയ കാര്യങ്ങളിലാണ് ആശങ്ക. ഭിന്നസ്വരം കേൾക്കേണ്ട എന്നു തോന്നിയാൽ സർക്കാരിനും മറ്റു  കക്ഷികൾക്കും ഈ വകുപ്പ്  ഉപയോഗിക്കാമെന്ന സ്ഥിതിയാണ്.–കോടതി ചൂണ്ടിക്കാട്ടി.

വിവരസാങ്കേതിക വിദ്യാ നിയമത്തിൽ നിന്നു സുപ്രീം കോടതി 2015 ൽ റദ്ദാക്കിയ 66എ വകുപ്പ് ഉപയോഗിച്ച് ഇപ്പോഴും പൊലീസ് കേസെടുക്കുന്ന കാര്യവും ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. ജഡ്ജിമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുമുൾപ്പെട്ട ബെ‍ഞ്ചാണ് ഹർജി പരിഗണിച്ചത്. രാജ്യദ്രോഹ വകുപ്പ് അവ്യക്തവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്നാണ് ഹർജിക്കാരന്റെ വാദം.

റദ്ദാക്കാതെ, മാർഗരേഖ ?

രാജ്യദ്രോഹ വകുപ്പ് ഒഴിവാക്കേണ്ടതില്ലെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ സൂചിപ്പിച്ചു. റദ്ദാക്കുന്നതിനു പകരം, രാജ്യദ്രോഹ കുറ്റം ചുമത്തുന്ന കാര്യത്തിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി മാർഗരേഖ തയാറാക്കാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇങ്ങനെയൊരു വകുപ്പ് നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നായിരുന്നു കോടതിയുടെ മറുപടി. പഴകിയ പല നിയമങ്ങളും സർക്കാർ ഒഴിവാക്കുന്നുണ്ട്. എന്നിട്ടും രാജ്യദ്രോഹ നിയമം സർക്കാർ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.

English summary: Do we still need Sedition Law ?: SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com