ADVERTISEMENT

ന്യൂഡൽഹി ∙ മൂന്നാം കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെ കൻവർ യാത്ര നടത്താനുള്ള യുപി സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആരോഗ്യവും ജീവിക്കാനുള്ള അവകാശവും മതപരമോ അല്ലാത്തതോ ആയ മറ്റെന്തു വികാരത്തെക്കാളും പ്രധാനമാണെന്നു ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ‘ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുള്ളതാണ്. യാത്ര നടത്തുമെന്ന തീരുമാനമെടുത്ത് യുപിക്കു മാത്രമായി മുന്നോട്ടുപോകാനാകില്ല. ഇക്കാര്യം 100% ഉറപ്പ്.’– ജസ്റ്റിസ് നരിമാൻ പറഞ്ഞു. 

വ്യത്യസ്ത നിലപാട്

ഇത്തവണ കൻവർ യാത്ര നടത്തേണ്ടതില്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചെങ്കിലും യാത്രയുമായി മുന്നോട്ടുപോകാനായിരുന്നു യുപി സർക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. പ്രതീകാത്മക യാത്രയാണെന്നും വാക്സീനെടുത്തവരെ മാത്രമേ പങ്കെടുപ്പിക്കൂ എന്നുമായിരുന്നു യുപിയുടെ വിശദീകരണം.

യാത്ര വൈകാരിക പ്രശ്നമാണെന്ന യുപി സർക്കാരിന്റെ വാദത്തെയാണ് കോടതി വിമർശിച്ചത്. യാത്രാനുമതി നിഷേധിച്ചാൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന പേടിയാണ് യുപി സർക്കാരിന് എന്നു വിമർശനമുണ്ട്. 

മൂന്നരക്കോടി യാത്രികർ

കഴിഞ്ഞവർഷം കൻവർ യാത്ര റദ്ദാക്കിയിരുന്നു. 2019 ൽ നടന്ന യാത്രയിൽ മൂന്നരക്കോടിയിൽ പരം പേർ പങ്കെടുത്തു. ഇതിൽ ഒരു കോടിയോളം പേർ കാൽനടയായാണു പോയത്. 

കുംഭമേളയിൽ 91 ലക്ഷത്തോളം പേർ വന്നപ്പോൾ തന്നെ കോവിഡ് ജാഗ്രതാ നടപടികളിൽ വീഴ്ചയുണ്ടായിരുന്നു. ഇത് രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രത കൂട്ടിയെന്നു കരുതുന്നു. 

ഗംഗാജലം കൊണ്ട് കാവടിയഭിഷേകം

ജൂലൈ 25 നു തുടങ്ങി ഓഗസ്റ്റ് 22 വരെ നീളുന്ന ശ്രാവണ മാസത്തിൽ, ശിവഭക്തർ (കൻവാരിയകൾ) നടത്തുന്ന കാവടി യാത്രയാണ് കൻവർ യാത്ര. വ്രതാനുഷ്ഠാനങ്ങളോടെ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലെത്തുന്ന തീർഥാടകർ ഗംഗാജലം കൊണ്ടുപോയി നാട്ടിലെ ശിവക്ഷേത്രത്തിൽ അഭിഷേകം ചെയ്യുന്നതാണ് ചടങ്ങ്.

Content Highlight: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com