ADVERTISEMENT

ന്യൂഡൽഹി ∙ കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമായതിനിടെ, 26ന് നിയമസഭാകക്ഷി യോഗം വിളിക്കുമെന്ന് ബി.എസ്.യെഡിയൂരപ്പ അറിയിച്ചു. മുഖ്യമന്ത്രിയായി തുടരുമെന്നും ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മകനും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ.വിജയേന്ദ്രയ്ക്കു സർക്കാരിൽ പദവി ഉറപ്പിച്ചാൽ സ്ഥാനമൊഴിയാമെന്നാണു യെഡിയൂരപ്പയുടെ നിലപാടെന്നു ബിജെപി കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി യെഡിയൂരപ്പ ചർച്ച നടത്തി. തുടർന്നാണ് നിയമസഭാകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചത്. എതിരാളികൾ ഏറെ നാളായി ഉന്നയിച്ചിരുന്ന ആവശ്യമാണിത്. യെഡിയൂരപ്പ മുഖ്യമന്ത്രിപദത്തിൽ 2 വർഷം തികയ്ക്കുന്ന ദിവസമാണ് 26. മന്ത്രിസഭായോഗം 22നും ചേർന്നേക്കും. അടുത്ത മാസം ആദ്യം വീണ്ടും ഡൽഹിയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തനിക്കും മകനുമെതിരെ എതിർവിഭാഗം ഉന്നയിച്ച ആരോപണങ്ങളിൽ തന്റെ ഭാഗം വിശദീകരിക്കാനാണ് യെഡിയൂരപ്പ മകനൊപ്പം ഡൽഹിയിലെത്തിയത്. കർണാടകയിലെ ഏറ്റവും കരുത്തനായ നേതാവ് എന്നതും സാമുദായിക ഘടകങ്ങളും പരിഗണിക്കുമ്പോൾ അദ്ദേഹത്തെ പിണക്കിയുള്ള നടപടിക്കു ദേശീയ നേതൃത്വം തയാറാകില്ലെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു.

തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രയത്നിക്കണമെന്നും തങ്ങളുടെ അനുഗ്രഹമുണ്ടാകുമെന്നുമാണ് അമിത് ഷാ പറഞ്ഞതെന്നു യെഡിയൂരപ്പയും വ്യക്തമാക്കി. രാജിവാർത്തകൾ ബിജെപി കർണാടക പ്രസിഡന്റ് നളിൻ കുമാർ‍ കട്ടീൽ നിഷേധിച്ചിട്ടുമുണ്ട്. നേതൃമാറ്റം സംബന്ധിച്ച് പരസ്യ സൂചനകളൊന്നും ദേശീയ നേതൃത്വത്തിൽനിന്ന് ഉണ്ടായിട്ടില്ല. എന്താണ് തീരുമാനമെന്നതിൽ വ്യക്തതയില്ലെന്ന് യെഡിയൂരപ്പ വിരുദ്ധപക്ഷവും സൂചിപ്പിച്ചു.

ഈയിടെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും ഡൽഹിയിലേക്കു വിളിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ രാജിയുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, നടപടിയൊന്നുമുണ്ടായില്ല. അതേസമയം ഉത്തരാഖണ്ഡിൽ ഈ വർഷം തന്നെ 2 തവണ മുഖ്യമന്ത്രിമാരെ മാറ്റി.

English Summary: B.S. Yediyurappa says no change in karnataka chief ministership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com