ADVERTISEMENT

ന്യൂഡൽഹി ∙ പെഗസസ് ചോർത്തൽ ആരോപണം വിരൽചൂണ്ടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നേരെയായതു കൊണ്ടു സർവസന്നാഹങ്ങളുമൊരുക്കി ചെറുക്കാനാണ് ബിജെപിയുടെ ഒരുക്കം. 

പെഗസസ് ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോ‍ർത്തിയെന്ന ആരോപണത്തെക്കാൾ സ്വന്തം മന്ത്രിമാരുടെയും നമ്പറുകൾ അക്കൂട്ടത്തിലുണ്ട് എന്നതാണ് ബിജെപിയെ ധർമസങ്കടത്തിലാക്കുന്നത്. ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനയെന്നു പറഞ്ഞാണ് സർക്കാർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങളിലെ ഫോൺനമ്പറുകൾ ചോർത്തിയെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. 

പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിനു മുൻപ് വിവരങ്ങൾ പുറത്തുവന്നത് ആസൂത്രിത ഗൂഢാലോചനയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷായും ഐടി മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞത്. എന്നാൽ പുറത്തുവന്ന അരലക്ഷത്തോളം നമ്പറുകളിൽ ആയിരത്തോളം മാത്രമേ ഇന്ത്യയിലുള്ളൂവെന്നാണ് വിവരം. അതിൽ മുന്നൂറോളം നമ്പറുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 

ഫ്രാൻസ് ഫോൺ ചോർത്തലിന്റെ പേരിൽ നിയമനടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ചോർത്തലിന്റെ വിവരം ഇപ്പോൾ പുറത്തു വന്നത് ഇന്ത്യയിലെ പാർലമെന്റ് സമ്മേളനം മാത്രം ലക്ഷ്യമിട്ടാണെന്ന കേന്ദ്രസർക്കാർ നിലപാടിനെ ഈ അന്വേഷണത്തിൽ പങ്കെടുത്ത പല രാജ്യാന്തര മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. 

അതിനെക്കാളപ്പുറമാണ് കേന്ദ്ര ഐടി മന്ത്രി കൂടിയായ അശ്വിൻ വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ എന്നിവരുടെ ഫോണുകളിലും പെഗസസ് എത്തിയെന്ന ആരോപണമുയർത്തുന്ന ആഘാതം. പുറത്തുവരാനിരിക്കുന്നതിൽ ചില ആർഎസ്എസ് നേതാക്കളുടേതും മുതിർന്ന മന്ത്രിമാരുടേതുമുണ്ടെന്നാണ് അഭ്യൂഹം. 

സർക്കാരിന് ഇതുമായി ഒരു ബന്ധവുമില്ലെന്നാണ് അശ്വിനി വൈഷ്ണവ് അടക്കമുള്ളവർ ആവർത്തിക്കുന്നതെങ്കിലും ലോകത്തിലെ 45 രാജ്യങ്ങളിൽ ഉപയോഗിക്കുന്ന പെഗസസ് ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്നതു വിവാദമാക്കുന്നത് എന്തിന് എന്നാണ് ഫോൺ ചോർത്തിയെന്നാരോപിക്കപ്പെടുന്ന കാലത്ത് ഐടി മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദ് ചോദിച്ചത്.

പെഗസസ് സോഫ്റ്റ്‌വെയർ സർക്കാരുകൾക്കു മാത്രമാണ് വിൽക്കുന്നത് എന്ന് അതിന്റെ ഉപജ്ഞാതാക്കളായ ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനം എൻഎസ്ഒ ഉറപ്പിച്ചു പറയുന്നത്. ഈ സാഹചര്യത്തിൽ ഈ ചാര സോഫ്റ്റ്‌വെയർ ഇന്ത്യയിലുപയോഗിച്ചോ എന്നു വ്യക്തമാക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിൽ വന്നു ചേർന്നിരിക്കുകയാണ്. 

ആർഎസ്എസ് നേതാക്കളുടേതടക്കമുള്ള വിവരങ്ങൾ ചോർത്തി എന്നു നേരത്തേ പറഞ്ഞ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഇന്നലെ സർക്കാർ ഇതു സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു. പണം വാങ്ങി സേവനം നൽകുന്ന സ്ഥാപനമാണ് എൻഎസ്ഒ. ആരാണ് അവർക്ക് ഇന്ത്യയിൽ പണം കൊടുത്തത് എന്ന് പറയേണ്ടതു മോദി സർക്കാരിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. 

English Summary: BJP attempts to shield Narendra Modi and Amit Shah in Pegasus controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com