ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും ബിജെപിയിൽ നിന്നുള്ള 2 കേന്ദ്ര മന്ത്രിമാരുടെയും ഫോണുകൾ ചോർത്തിയെന്ന ആരോപണം ഭരണപക്ഷത്തിനെതിരെ ആയുധമാക്കാൻ തീരുമാനിച്ചാണ് പ്രതിപക്ഷം ഇന്നലെ പാർലമെന്റിലെത്തിയത്. വിഷയത്തിൽ രാജ്യസഭയിൽ ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രസ്താവന നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും കോവിഡ് ചർച്ച കാരണം നടന്നില്ല. 

ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവരും സഭ നിർത്തിവച്ചു വിഷയം ചർച്ച ചെയ്യാൻ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. ചോദ്യോത്തരവേള തുടങ്ങിയപ്പോഴേക്ക് പ്രതിപക്ഷ ബഹളം തുടങ്ങി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ഇടത് എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചു. ഹൈബി ഈഡൻ, എ.എം.ആരിഫ്, ടി.എൻ.പ്രതാപൻ, ഡീൻ കുര്യാക്കോസ്, വി.കെ.ശ്രീകണ്ഠൻ, തോമസ് ചാഴികാടൻ, ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ തുടങ്ങിയവർ മോദി സർക്കാരിനെ വിമർശിക്കുന്ന പ്ലക്കാർഡുകളുമുയർത്തി.

രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയതിനെതിരെയും പ്രതിഷേധമുണ്ടായി. അഭിഷേക് ബാനർജിയുടെ ഫോൺ ചോർത്തിയതിന്റെ പേരിൽ തൃണമൂൽ അംഗങ്ങളും നടുത്തളത്തിലെത്തി. അതിനിടെ, ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് അംഗങ്ങളും പ്രതിഷേധിച്ചു. ബിജെപി അംഗങ്ങൾ കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും ആക്ഷേപങ്ങളുയർത്തി. 

സർക്കാർ ഏതു വിഷയവും ചർച്ച ചെയ്യാനും മറുപടി നൽകാനും തയാറാണെന്നും ബഹളമുണ്ടാക്കരുതെന്നും സ്പീക്കർ ഓം ബിർല അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സഭ 2 മണിവരെയും പിന്നീടു 3.30 വരെയും നിർത്തിവച്ചു. തുടർന്നും ബഹളമായപ്പോൾ വ്യാഴാഴ്ച ചേരാൻ പിരിഞ്ഞു. 

രാജ്യസഭയിൽ എളമരം കരീം, കെ.സി. വേണുഗോപാൽ, ബിനോയ് വിശ്വം തുടങ്ങിയവർ പെഗസസ് വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. അവിടെയും പ്രതിപക്ഷം ഒന്നടങ്കം ബഹളമുണ്ടാക്കിയപ്പോൾ സഭ 2 തവണ നിർത്തി വച്ചു. ഉച്ചയ്ക്ക് കോവിഡ് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറായപ്പോൾ പ്രതിപക്ഷം സഹകരിച്ചു. തിങ്കളാഴ്ചയും ഇരുസഭകളിലും പെഗസസ്, കർഷക നിയമം, വിലക്കയറ്റം എന്നിവയെച്ചൊല്ലി ബഹളം നടന്നിരുന്നു.

ബഹളം: ലോക്സഭ ചേർന്നത് 5 മിനിറ്റ്

ന്യൂഡൽഹി ∙ പെഗസസ് ഫോൺ ചോർത്തൽ ആരോപണം രണ്ടാം ദിവസവും പാർലമെന്റിനെ ഇളക്കിമറിച്ചു. ലോക്സഭ കഷ്ടിച്ച് 5 മിനിറ്റ് മാത്രമാണു ചേർന്നത്. രാജ്യസഭ ഉച്ചവരെ തടസ്സപ്പെട്ടെങ്കിലും പിന്നീട് കോവിഡ് സംബന്ധിച്ച ചർച്ചയിൽ പ്രതിപക്ഷം സഹകരിച്ചു. ഇന്ന് ഈദ് അവധിയായതിനാൽ ഇരുസഭകളും ഇനി നാളെയേ സമ്മേളിക്കൂ.

English Summary: Opposition protest in parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com