ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് പിസിസി പ്രസിഡന്റായി നവജ്യോത് സിങ് സിദ്ദു നിയമിതനാകുമ്പോൾ, കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്ക ഗാന്ധിയുടെ ‘ട്രബിൾ ഷൂട്ടർ’ സ്ഥാനവും ഉറയ്ക്കുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ എതിർപ്പ് വകവയ്ക്കാതെ സിദ്ദുവിനൊപ്പം ഉറച്ചുനിന്ന പ്രിയങ്ക, അദ്ദേഹത്തിനു പിസിസി പ്രസിഡന്റ് പദം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അണിയറയിൽ നീക്കം നടത്തി; ഒപ്പം, അമരീന്ദറിനെ അനുനയിപ്പിക്കുകയും ചെയ്തു.

അഹമ്മദ് പട്ടേലിനു ശേഷം കോൺഗ്രസ് നേതൃനിരയിലെ സമവായ നീക്കം നടത്തുന്ന നേതാവായി പ്രിയങ്ക മാറുന്നതിന്റെ സൂചനയായിട്ടാണു സിദ്ദുവിന്റെ നിയമനത്തെ പാർട്ടിയിലെ നേതാക്കൾ കാണുന്നത്. 

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പുകോർക്കുന്ന യുവ നേതാവ് സച്ചിൻ പൈലറ്റും തന്റെ പരിഭവങ്ങൾക്കു പരിഹാരം കാണാൻ പ്രിയങ്കയെയാണ് ആശ്രയിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കരകയറ്റാൻ പ്രയത്നിക്കുമ്പോഴും ദേശീയതലത്തിൽ പാർട്ടി നേരിടുന്ന പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ പ്രിയങ്ക മുൻനിരയിലുണ്ട്.

2024 ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തിയുള്ള പോരാട്ടത്തിൽ പ്രിയങ്കയുടെ സേവനവും പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്. അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നു സോണിയ പിൻമാറുമ്പോൾ, അവരുടെ മണ്ഡലമായ യുപിയിലെ റായ്ബറേലിയിൽ കോൺഗ്രസ് പകരം വയ്ക്കുന്ന പേരും പ്രിയങ്കയുടേതായിരിക്കും.

English Summary: Priyanka Gandhi becoming Congress trouble shooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com