പെഗസസ് പൂട്ടാൻ ‘ടെക് മുന്നണി’; ക്ലൗഡ് സേവനം നൽകുന്നത് നിർത്തി ആമസോൺ

HIGHLIGHTS
  • എൻഎസ്ഒയ്ക്കുള്ള ക്ലൗഡ് സേവനങ്ങൾ ആമസോൺ അവസാനിപ്പിച്ചു
FILES-ISRAEL-US-TECH-RIGHTS-SPYWARE
എൻഎസ്ഒ ആസ്ഥാനം (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ പെഗസസ് സോഫ്റ്റ്‍വെയറിന്റെ സ്രഷ്ടാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ വാട്സാപ്, ആമസോൺ, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക് ഭീമൻമാർ അണിനിരക്കുന്നു. ക്ലൗഡ് സേവനം നൽകുന്ന ആമസോൺ വെബ് സർവീസസ് എൻഎസ്ഒയ്ക്കു നൽകുന്ന എല്ലാ സേവനവും അവസാനിപ്പിച്ചു. 

പെഗസസ് ബാധിച്ച ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയ ആംനെസ്റ്റി ഇന്റർനാഷനൽ ആമസോൺ സേവനം എൻഎസ്ഒ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം പെഗസസുമായുള്ള ബന്ധം വിവാദമായപ്പോൾ പോലും ആമസോൺ പ്രതികരിക്കാൻ തയാറായിരുന്നില്ല. 

എ‍ൻഎസ്ഒ ഗ്രൂപ്പിനെതിരെ തുടക്കം മുതലേ നിയമയുദ്ധം നടത്തുന്ന വാട്സാപ്പിന്റെ തലവൻ വീണ്ടും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. വർഷങ്ങളായി പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് പെഗസസ് റിപ്പോർട്ട് വ്യക്തമാക്കുന്നതായി വാട്സാപ് മേധാവി വിൽ കാത്കാർട്ട് പ്രതികരിച്ചു. സർക്കാരുകളും കൂടുതൽ കമ്പനികളും ഇവർക്കെതിരെ രംഗത്തുവരണമെന്നും ആഹ്വാനം ചെയ്തു. 

പെഗസസിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങൾ ചോർത്തിയെന്ന് 2019ൽ വെളിപ്പെടുത്തിയത് വാട്സാപ് ആയിരുന്നു. വാട്സാപ്പിലെ പിഴവ് മുതലെടുത്തായിരുന്നു ഇത്. 

whatsapp-facebook
ഫയൽ ചിത്രം

ഇതിനു പിന്നാലെ കേന്ദ്രവും വാട്സാപ്പും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. പലവട്ടം ചർച്ച നടത്തിയിട്ടും ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന്റെ വിവരം അറിയിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം വാട്സാപ് അന്നു തള്ളി. 2 തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി രേഖ സഹിതമാണ് വാട്സാപ് പ്രതികരിച്ചത്. 

എന്നാൽ യുപിഐ പേയ്മെന്റ്സുമായി ബന്ധപ്പെട്ട കേസിൽ പെഗസസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാനാകില്ലെന്ന നിലപാടാണ് വാട്സാപ് സുപ്രീം കോടതിയിൽ സ്വീകരിച്ചത്. ഈ വാദമാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ആയുധമാക്കിയതും. വാട്സാപ് യുഎസ് കോടതിയിൽ എൻഎസ്ഒ ഗ്രൂപ്പിനെതിരെ നിയമയുദ്ധം നടത്തിയപ്പോൾ ഗൂഗിൾ, സിസ്കോ, വിഎംവെയർ എന്നീ കമ്പനികൾ ഒപ്പം ചേർന്നു. 

എൻഎസ്ഒയുടെ സോഫ്റ്റ്‍വെയറുകൾക്കെതിരെ മൈക്രോസോഫ്റ്റ് കസ്റ്റമർ സെക്യൂരിറ്റി മേധാവിയും അന്ന് രംഗത്തെത്തി. എൻഎസ്ഒ ഗ്രൂപ്പിന് സമാന്തരമായി പ്രവർത്തിക്കുന്ന കാൻഡിരു എന്ന കമ്പനിയുടെ ചാര സോഫ്റ്റ‍്‍വെയർ പ്രവർത്തിച്ചത് മൈക്രോസോഫ്റ്റിന്റെ പിഴവ് മുതലെടുത്താണ്. ഈ പിഴവ് പരിഹരിക്കാൻ ജൂലൈ 13ന് അപ്ഡേറ്റ് പുറത്തിറക്കുകയും ചെയ്തു. 

മെസേജുകൾ സുരക്ഷിതമായി അയയ്ക്കാനുള്ള എൻക്രിപ്ഷൻ സംവിധാനം ദുർബലമാക്കാനുള്ള സർക്കാർ നയവും പെഗസസ് റിപ്പോർട്ടും രസകരമായ യാദൃച്ഛികതയാണെന്നായിരുന്നു സിഗ്നൽ മെസേജിങ് ആപ്പിന്റെ പ്രതികരണം. 

ആപ്പിളിന്റെ ഷെയർ ഇടിഞ്ഞു

ആപ്പിളിലെ ഐമെസേജ് ആപ്ലിക്കേഷന്റെ സുരക്ഷാപിഴവും പെഗസസ് മുതലെടുത്തതെന്ന ഫൊറൻസിക് ഫലം വന്നതോടെ ഓഹരി മൂല്യത്തിൽ 2.3 ശതമാനത്തിന്റെ ഇടിവ്. പെഗസസ് സംഭവത്തിനു പിന്നാലെ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ആപ്പിൾ അറിയിച്ചു. സംശയകരമായ ലിങ്കുകൾ തുറക്കുക പോലും ചെയ്യാതെ ഫോൺ ആക്രമിക്കപ്പെടുന്ന സീറോ ക്ലിക്ക് ഐമെസേജ് എക്സ്പ്ലോയിറ്റ് രീതിയാണ് പെഗസസ് ഉപയോഗപ്പെടുത്തിയത്. നാളുകൾക്കു മുൻപ് ഈ പിഴവ് ആപ്പിൾ തിരുത്തിയെങ്കിലും ഇപ്പോഴും ഈ ആക്രമണം തുടരാനുള്ള പഴുതുണ്ടെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

English Summary: Tech giants against pegasus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA