ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറിന്റെ സാന്നിധ്യം ഫോണിലുണ്ടോയെന്ന് പരിശോധിക്കാൻ മനുഷ്യാവകാശ സംഘടനയായ ആംെനസ്റ്റി ഇന്റർനാഷനൽ ടൂൾ കിറ്റ് പുറത്തിറക്കി. ഫോൺ പെഗസസ് വലയത്തിലാണോയെന്നു കണ്ടെത്താനുള്ള പ്രോഗ്രാമുകളാണ് മൊബൈൽ വെരിഫിക്കേഷൻ ടൂൾ കിറ്റിലുള്ളത്.

സാങ്കേതിക പരിജ്ഞാനമുള്ളവർക്കു മാത്രം ഉപയോഗിക്കാൻ പാകത്തിലാണ് കിറ്റ്. ആംനെസ്റ്റിയുടെ സെക്യൂരിറ്റി ലാബിലാണ് പെഗസസ് ബാധ സംശയിച്ച ഫോണുകൾ പരിശോധിച്ചത്. ആംനെസ്റ്റിക്കെതിരെ ഇന്ത്യയിൽ കേന്ദ്ര സർക്കാരും ബിജെപിയും രംഗത്തെത്തിയിരുന്നു.

ടൂൾ കിറ്റ് പ്രവർത്തനം ഇങ്ങനെ

ഐഫോണിലും ആൻഡ്രോയ്ഡിലും ടൂൾ കിറ്റ് പ്രവർത്തിക്കും. എന്നാൽ ഐഫോണുകളിലാണ് കൂടുതലായും പെഗസസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് ആംനെസ്റ്റി പറയുന്നത്. ഫോണിന്റെ മൊത്തം ബാക്ക് അപ്പ് എടുത്തുവച്ചുകൊണ്ടാണ് പരിശോധന. കംപ്യൂട്ടറിന്റെ കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്നതിനാൽ സാധാരണക്കാർക്ക് ഈ ടൂൾ ഉപയോഗിക്കുക എളുപ്പമല്ല. ലിങ്ക്: github.com/mvt-project/mvt

സ്പൈവെയറുകൾ: ശ്രദ്ധിക്കാൻ

അപകടകരമായ ചാര സോഫ്റ്റ്‍വെയറുകളോ (സ്പൈവെയറുകൾ) മറ്റു വൈറസ് പ്രോഗ്രാമുകളോ ഉണ്ടോയെന്നു ഫോണിന്റെ ‘പെരുമാറ്റ’ത്തിലൂടെയും ഏറെക്കുറെ മനസ്സിലാക്കാം. താഴെ പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കുക. എന്നാൽ, ഇതിൽ ഏതെങ്കിലുമുണ്ടെങ്കിൽ അതു വൈറസിന്റെ സ്ഥിരീകരണമാവില്ല. തുടർപരിശോധന ആവശ്യമായി വരും.

∙ ഫോണിന്റെ ബാറ്ററി വളരെ വേഗം തീരുക.

∙ ഫോണിന് വല്ലാതെ വേഗം കുറയുക.

∙ മൊബൈൽ ഇന്റർനെറ്റ് ഡേറ്റ അധികം ആപ് ഒന്നും ഉപയോഗിക്കാതെ വേഗം തീരുക.

∙ നിങ്ങളറിയാതെ ഫോണിൽനിന്ന് കോളും എസ്എംഎസും പോകുക.

∙ ഫോണിൽ വിചിത്രമായ പോപ്‍ അപ്പ് പേജുകൾ തുറന്നുവരിക.

ഡിജിറ്റൽ സുരക്ഷയ്ക്ക് ആംനെസ്റ്റിയുടെ 8 നിർദേശങ്ങൾ

∙ സോഫ്റ്റ്‍വെയർ അപ്ഡേറ്റുകൾ അവഗണിക്കാതിരിക്കുക.

∙ പാസ്‍വേഡ് മാനേജർ ഉപയോഗിച്ച് കൂടുതൽ ശക്തമായ പാസ്‍‍വേഡുകൾ ഉപയോഗിക്കുക.

∙ പരമാവധി ആപ്പുകൾ 2 ഫാക്ടർ ഓതന്റിക്കേഷൻ സജ്ജമാക്കുക.

∙ ഉപയോഗിക്കാത്ത ഓൺലൈൻ അക്കൗണ്ടുകൾ നീക്കം ചെയ്യുക. ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും പ്രൈവസി സെറ്റിങ്സ് പരിശോധിക്കുക.

∙ പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ വെർച്വൽ പ്രോട്ടോക്കോൾ നെറ്റ്‍വർക് (വിപിഎൻ) ഉപയോഗിക്കുക.

∙ ഔദ്യോഗിക ആപ് സ്റ്റോറുകളിൽനിന്നു മാത്രം ആപ് ഡൗൺലോഡ് ചെയ്യുക.

∙ സംശയകരമായ ലിങ്കുകളും അറ്റാച്ച്മെന്റുകളും തുറക്കാതിരിക്കുക.

∙ ഫോൺ നഷ്ടമായാലും അക്കൗണ്ട് റിക്കവർ ചെയ്യാൻ കഴിയുന്ന തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്തുക.

English Summary: Amnesty tool kit against pegasus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com