ADVERTISEMENT

മുംബൈ ∙ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ (45) അശ്ലീല സിനിമാ നിർമാണക്കേസിൽ 23 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അശ്ലീല ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വിറ്റ് കോടികൾ സമ്പാദിച്ച കുന്ദ്ര, റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണെന്നും ശിൽപയ്ക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്. 

സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി. രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം കമ്പനി നിർമിച്ച മൊബൈൽ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകൾ പ്രദർശിപ്പിച്ചിരുന്നത്. ഈ ആപ് പിന്നീട്,  കുന്ദ്രയുടെ ബന്ധുവിന്റെ കെൻറിൻ എന്ന സ്ഥാപനത്തിന് വിറ്റെന്നാണ് നേരത്തേ അറസ്റ്റിലായ ഉമേഷ് കാമത്തിന്റെ മൊഴി. 

കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ്, വെബ് സീരീസിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം നഗ്നയായി ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടതായി നടി സാഗരിക ഷോണ ആരോപിച്ചിട്ടുണ്ട്. അശ്ലീലചിത്രരംഗത്തേക്ക് തങ്ങളെ എത്തിച്ചത് രാജ് കുന്ദ്രയാണെന്നാരോപിച്ച്  ഷെർലിൻ ചോപ്ര, പൂനം പാണ്ഡെ എന്നീ നടിമാരും രംഗത്തെത്തി. 

വൻ വ്യവസായി, രാജസ്ഥാൻ റോയൽസ് മുൻ ഉടമ

ലണ്ടനിൽ ജനിച്ചുവളർന്ന രാജ് കുന്ദ്ര 18-ാം വയസ്സ് മുതൽ ദുബായിലാണു താമസം. പിന്നീട് നേപ്പാളിലെത്തി ആഡംബര ഷാളുകളുടെ കയറ്റുമതി ആരംഭിച്ചു. വില കൂടിയ ലോഹങ്ങളുടെ ബിസിനസ്, കെട്ടിടനിർമാണം, ഖനനം തുടങ്ങി പല മേഖലകളിലേക്കു പ്രവർത്തനം വ്യാപിച്ച കുന്ദ്ര സിനിമാ നിർമാണത്തിനുള്ള ഫിനാൻസിങ്ങും തുടങ്ങി. സ്പോർട്സ്, റസ്റ്ററന്റ് മേഖലകളിലും നിക്ഷേപമുണ്ട്. രാജസ്ഥാൻ റോയൽസ് ഐപിഎൽ ടീമിന്റെ ഉടമസ്ഥരിൽ ഒരാളായിരുന്ന കുന്ദ്രയ്ക്ക് ഒത്തുകളി വിവാദത്തിൽ വിലക്ക് നേരിടേണ്ടിവന്നു. ആദ്യഭാര്യ കവിതയുമായി പിരിഞ്ഞ ശേഷം 2009ലാണു ശിൽപയെ വിവാഹം ചെയ്തത്.

അശ്ലീല റാക്കറ്റിനെ ഫെബ്രുവരിയിലാണ് പൊലീസ് കണ്ടെത്തിയത്. മോഡലും നടിയുമായ ഗെഹെന വസിഷ്ഠ് അടക്കം 6 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു യുവതി കുന്ദ്രയ്ക്കെതിരെ പരാതി നൽകി. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ്. അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്.

English Summary: Raj Kundra remanded in sex racket racket case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com