ADVERTISEMENT

ന്യൂഡൽഹി ∙ സ്കൂൾ, കോളജ് പഠനം സാധാരണ രീതിയിൽ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ. കോവിഡ് കേസുകൾ വളരെ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതാകും ഉചിതമെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ പോലും പ്രൈമറി സ്കൂളുകൾ ആരംഭിക്കുന്ന വിഷയം ചർച്ച ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ചെറിയ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ മാതാപിതാക്കൾ തൽക്കാലം തയറാകില്ലെന്നാണു നിരീക്ഷണം. 

ഓൺലൈൻ പഠനരീതിയിലെ പോരായ്മകൾ ഉൾപ്പെടെയുള്ള വിഷയങ്ങളാണു സ്ഥാപനങ്ങൾ തുറക്കുന്നതിനു തടസ്സമായി പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്റർനെറ്റ് വേണ്ടവിധം ലഭിക്കാത്തതുമൂലം 40% കുട്ടികൾക്കു മാത്രമാണു ഓൺലൈൻ ക്ലാസിൽ സജീവമാകാൻ കഴിയുന്നതെന്നു ഒഡീഷ സർക്കാർ പറയുന്നു. 

∙ മഹാരാഷ്ട്ര: കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങളിൽ 8–12 വരെ ക്ലാസുകൾ 15ന് തുറന്നു. ഇതിനു മുൻപ് അധ്യാപകർക്കും ജീവനക്കാർക്കും വാക്സീൻ ലഭ്യമാക്കി. 

∙ കർണാടക: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 26ന് തുറക്കും. ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും കോളജുകളിലെത്താം. സ്കൂളുകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല. 

∙ ഗുജറാത്ത്: 12–ാം ക്ലാസും കോളജുകളും സാങ്കേതിക സ്ഥാപനങ്ങളും 50% വിദ്യാർഥികളുമായി 15ന് ആരംഭിച്ചു. 

∙ ബിഹാർ: 9 – 12 ക്ലാസുകൾ 50% വിദ്യാർഥികളുമായി ജൂലൈ 6 നു തുറന്നു. കോളജുകൾ 12നു തുറന്നു. ഓഫ്‍ലൈൻ ക്ലാസുകളും തുടരുന്നു. 

∙ പഞ്ചാബ്: പോസിറ്റിവിറ്റി നിരക്ക് 0.03 ശതമാനത്തിലെത്തിയ പഞ്ചാബിൽ 10,11,12 ക്ലാസുകൾ 26ന് ആരംഭിക്കാനാണു നിർദേശം നൽകിയിരിക്കുന്നത്. വാക്സീൻ സ്വീകരിച്ച അധ്യാപകരും ജീവനക്കാരും ഹാജരാകണം. വിദ്യാർഥികൾക്കെത്താം. ഓൺലൈൻ ക്ലാസ് തുടരും. 

∙ ഛത്തീസ്ഗഡ്: 10,12 ക്ലാസുകൾ ഓഗസ്റ്റ് 2 ന് തുറക്കും. 50% കുട്ടികൾക്ക് ക്ലാസിലെത്താം. കോളജുകളും ഘട്ടംഘട്ടമായി തുറക്കും. 

∙ ഹരിയാന: 9 – 12 ക്ലാസുകൾ 16ന് ആരംഭിച്ചു. 6 – 8 ക്ലാസുകൾ 23ന് ആരംഭിക്കും. ഓൺലൈൻ ക്ലാസുകൾ തുടരും. 

∙ ഒഡീഷ: 10, 12 ക്ലാസുകൾ 26 മുതൽ സാധാരണ നിലയിൽ ആരംഭിക്കും. 

English Summary: Schools reopening in different states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com