സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കി

HIGHLIGHTS
  • സംസ്ഥാനങ്ങളുടെ അംഗീകാരം വേണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിച്ചില്ലെന്ന് സുപ്രീം കോടതി
Supreme-court-and-Government-of-India
SHARE

ന്യൂഡൽഹി ∙ സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിനു കർശന വ്യവസ്ഥകൾ ബാധകമാക്കിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി. സഹകരണ സംഘങ്ങൾ സംസ്ഥാന വിഷയമാണെന്നിരിക്കെ, ഭേദഗതിക്കു നിയമസഭകളുടെ  അംഗീകാരം വേണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി.

യുപിഎ ഭരണകാലത്ത് 2012 ഫെബ്രുവരിയിൽ പ്രാബല്യത്തിലായ 97–ാം ഭരണഘടനാ ഭേദഗതിക്കു 3 ഘടകങ്ങളാണുണ്ടായിരുന്നത് – സഹകരണ സംഘ രൂപീകരണം മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി; സംഘ രൂപീകരണവും ജനാധിപത്യപരമായ നടത്തിപ്പും മറ്റും പ്രോത്സാഹിപ്പിക്കണമെന്നത് നിർദേശക തത്വങ്ങളുടെ ഭാഗമാക്കി; ഭരണഘടനയിൽ 9ബി എന്ന ഭാഗം ചേർത്ത് സംസ്ഥാനങ്ങളിലെയും ഒന്നിലധികം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സംഘങ്ങളുടെ പ്രവർത്തനത്തിനു വ്യവസ്ഥകൾ നിർദേശിച്ചു.

9ബി ഭാഗത്ത് അതതു സംസ്ഥാനങ്ങളിൽ മാത്രമൊതുങ്ങുന്ന സഹകരണ സംഘങ്ങളെ സംബന്ധിച്ച വ്യവസ്ഥകൾ റദ്ദാക്കുന്നുവെന്നാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ബി.ആർ. ഗവായിയും വ്യക്തമാക്കിയത്. ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള സഹകരണ സംഘങ്ങൾക്കു ബാധകമാകുന്ന വ്യവസ്ഥകൾ നിലനിൽക്കും. ബെഞ്ചിലെ ജസ്റ്റിസ് കെ.എം. ജോസഫ് ഇതിനോടു വിയോജിച്ചു. 9ബിയിലെ വകുപ്പുകളെല്ലാം പരസ്പര ബന്ധിതമാണെന്നും ചിലതു മാത്രം തനിച്ചുനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ ഭാഗം പൂർണമായി റദ്ദാക്കി. ഭൂരിപക്ഷ നിലപാടാകും നിലനിൽക്കുക.

97–ാം ഭേദഗതിക്കെതിരെ രാജേന്ദ്ര എൻ.ഷാ എന്നയാൾ നൽകിയ പൊതു താൽപര്യ ഹർജിയിൽ, 9ബി ഭാഗം ഭരണഘടനാവിരുദ്ധമാണെന്നു 2013ൽ ഗുജറാത്ത് ഹൈക്കോടതി വിധിച്ചിരുന്നു. അതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

കേന്ദ്ര ഇടപെടലിനിടെ ശ്രദ്ധേയ വിധി

ന്യൂഡൽഹി ∙  കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുകയും അമിത് ഷായ്ക്ക് ചുമതല നൽകുകയും ചെയ്തു രണ്ടാഴ്ച തികയും മുൻപാണു സുപ്രീം കോടതിയുടെ ശ്രദ്ധേയ വിധി. ഭേദഗതിയുടെ ഉദ്ദേശ്യശുദ്ധിയെയല്ല ചോദ്യം ചെയ്തത്. സംസ്ഥാന വിഷയത്തിൽ ഭേദഗതി പാസാക്കുമ്പോൾ നിയമസഭകളുടെ അംഗീകാരം വാങ്ങുകയെന്ന നടപടിക്രമം പാലിച്ചില്ലെന്നതാണു പ്രശ്നം. ഇതു പരിഹരിച്ച് റദ്ദാക്കപ്പെട്ട ഭരണഘടനാ ഭേദഗതി പുനഃസ്ഥാപിക്കാൻ കേന്ദ്രം ശ്രമിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സഹകരണ മേഖലയിലും അധികാര കേന്ദ്രീകരണം ആരോപിക്കപ്പെടുമ്പോൾ എത്ര സംസ്ഥാനങ്ങൾ സഹകരിക്കുമെന്ന ചോദ്യവുമുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരളമടക്കം 17 സംസ്ഥാനങ്ങൾ നിയമം പാസാക്കിയിരുന്നു. 

രാഷ്ട്രീയ ഇടപെടൽ കുറച്ച് സഹകരണ സംഘങ്ങളെ പ്രഫഷനൽ ആക്കാനാണു ഭേദഗതിയെന്നാണു യുപിഎ കാലത്തു മന്ത്രി ശരദ് പവാർ പറഞ്ഞിരുന്നത്. എന്നാൽ അതിനു വിരുദ്ധമായ കാര്യങ്ങൾ  ബാങ്കിങ് നിയന്ത്രണ നിയമ വ്യവസ്ഥകളിലൂടെ ചെയ്യുന്നുവെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പവാർ പരാതിപ്പെട്ടത്.

English Summary: Supreme Court dismisses constitutional amendment that controls co-operation groups

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA