ഭരണഘടനാ ഭേദഗതി: പരിശോധിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി

Supreme Court Of India (Photo by Sajjad HUSSAIN / AFP)
സുപ്രീം കോടതി (Photo by Sajjad HUSSAIN / AFP)
SHARE

ന്യൂഡൽഹി ∙ ഭരണഘടന, ഭരണത്തിനുള്ള ദേശീയ പ്രമാണരേഖയാണെന്നും അതു ഭേദഗതി ചെയ്യുമ്പോൾ നടപടിപ്പിഴവുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ ജനങ്ങൾക്ക് അവകാശവും പരിശോധിക്കാൻ കോടതിക്ക് ഉത്തരവാദിത്തവുമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനുള്ള 97–ാം ഭരണഘടനാ ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണു ജസ്റ്റിസ് റോഹിന്റൻ നരിമാൻ ഇക്കാര്യം പറഞ്ഞത്.

സഹകരണ സംഘങ്ങൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ സംസ്ഥാന പട്ടികയിലുള്ള വിഷയമാണ്. അതിനാൽ അവയുമായ ബന്ധപ്പെട്ട നിയമനിർമാണത്തിനു നിയമസഭകൾക്കാണ് അധികാരം. ഒന്നിലധികം സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള സഹകരണ സംഘങ്ങളുടെ കാര്യത്തിൽ നിയമനിർമാണാധികാരം പാർലമെന്റിനാണ്.

ഏഴാം ഷെഡ്യൂളിലെ പട്ടികകളിൽ ഭേദഗതി വരുത്തണമെങ്കിൽ, പാർലമെന്റ് പാസാക്കിയശേഷം പകുതിയിലധികം സംസ്ഥാനങ്ങൾ അംഗീകരിക്കണം. അതിനുശേഷമേ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകാൻ പാടുള്ളൂവെന്നാണ് ഭരണഘടനയുടെ 368(2) വകുപ്പ്. സഹകരണ സംഘങ്ങളുടെ കാര്യത്തിൽ, 97–ാം ഭേദഗതിയിലൂടെ സംസ്ഥാന പട്ടികയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, വളരെ പ്രസക്തമായ നിയന്ത്രണ വ്യവസ്ഥകൾ കൊണ്ടുവന്നത് സംസ്ഥാനങ്ങളുടെ അധികാരമേഖലയിൽ കൈവയ്ക്കുന്ന നടപടിയാണെന്നും അതിനു സംസ്ഥാനങ്ങളുടെ അംഗീകാരം വാങ്ങിയില്ലെന്നും കോടതി വിലയിരുത്തി.

സഹകരണമെന്ന സംസ്ഥാന വിഷയത്തിൽ കടന്നുകയറാൻ പാടില്ലെന്നും ഭരണഘടനാ ഭേദഗതിക്കു പകരം സംസ്ഥാനങ്ങൾക്കുള്ള മാതൃകാ നിയമം കൊണ്ടുവന്നാൽ മതിയെന്നും ഭേദഗതി ബിൽ പരിശോധിച്ച പാർലമെന്ററി സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും ഇതു കണക്കിലെടുത്തില്ല. സംസ്ഥാനങ്ങൾക്കൊക്കെയും സമ്മതമെന്ന വാദമാണ് കേന്ദ്രം കോടതിയിലും ഉന്നയിച്ചത്. 

97–ാം ഭേദഗതി: നിയമം പാസാക്കിയത് 17 സംസ്ഥാനങ്ങൾ

ന്യൂഡൽഹി ∙ സഹകരണ സംഘങ്ങളുടെ നിർവചനം, സൊസൈറ്റിയുടെ ബോർഡിൽ പരമാവധി 21 പേർ, അതിൽത്തന്നെ പട്ടിക വിഭാഗ, വനിതാ സംവരണം, ബോർഡുകൾക്ക് 5 വർഷം മാത്രം കാലാവധി, കർശനമായ ഓഡിറ്റ് വ്യവസ്ഥകൾ തുടങ്ങിയവയാണ് 97–ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്നത്.28 സംസ്ഥാനങ്ങളിൽ പതിനേഴും നിയമം പാസാക്കി.

English Summary: Supreme Court regarding constitution amendment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA