ADVERTISEMENT

മുംബൈ ∙ ഇസ്രയേൽ നിർമിത പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, മഹാരാഷ്ട്ര ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വിഭാഗത്തിലെ 5 ഉന്നത ഉദ്യോഗസ്ഥർ 2019ൽ നടത്തിയ ഇസ്രയേൽ പര്യടനത്തെക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം ആരംഭിച്ചു. ഇൻഫർമേഷൻ ആ‍ൻഡ് പബ്ലിസിറ്റി ഡയറക്ടർ ജനറലിനാണ് (ഡിജിഐപിആർ) അന്വേഷണ ചുമതല. 

2019 നവംബർ 15നും 25നും ഇടയിലാണ് ഉദ്യോഗസ്ഥർ ഇസ്രയേൽ സന്ദർശിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പുതിയ സർക്കാർ അധികാരത്തിൽ വരും മുൻപ് മുഖ്യമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അനുമതി വാങ്ങാതെയായിരുന്നു പര്യടനം. ഉദ്യോഗസ്ഥ സംഘം ഇതുവരെ പര്യടനത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല. 

എന്നാൽ, ഉദ്യോഗസ്ഥരുടെ പര്യടനം കാർഷിക വികസന ആവശ്യങ്ങൾക്കായിരുന്നെന്ന് അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നു. ചാര സോഫ്റ്റ്‌ഫെയർ ഉപയോഗിക്കാൻ സർക്കാരുകൾക്ക് ലൈസൻസ് നൽകുന്ന ഇസ്രയേൽ കമ്പനിയായ എൻഎസ്ഒയുടെ സേവനങ്ങൾ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അത് പഴയ കഥ; താൽപര്യമില്ല: കുമാരസ്വാമി

ബെംഗളൂരു ∙ കർണാടകയിലെ ജനതാ ദൾ- കോൺഗ്രസ് സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ പെഗസസ് ഫോൺ ചോർത്തലും കാരണമായെന്ന റിപ്പോർട്ടിനോടു മുഖം തിരിച്ച് മുൻ മുഖ്യമന്ത്രിയും ദൾ നേതാവുമായ കുമാരസ്വാമി. തന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിനെ ബിജെപി അട്ടിമറിച്ചതു കഴിഞ്ഞുപോയ സംഭവമാണ്. ഫോൺ ചോർത്തൽ വിഷയത്തിൽ താൽപര്യമില്ല. 

അസം, നാഗാലാൻഡ് നേതാക്കളും പട്ടികയിൽ

ന്യൂഡൽഹി ∙ പെഗസസ് നിരീക്ഷണത്തിനു വിധേയരായെന്നു സംശയിക്കുന്ന കൂടുതൽ ആളുകളുടെ വിവരങ്ങൾ പുറത്തുവന്നു.

∙ പൗരത്വ നിയമത്തെ എതിർക്കുന്ന ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് (എഎഎസ്‌യു) സമജ്ജുൽ ഭട്ടാചാർജി, അസമിലെ നിരോധിത സംഘടനയായ ഉൾഫയുടെ സ്ഥാപകരിൽ ഒരാളായ അനൂപ് ചേഠിയ എന്നിവരും പെഗസസ് പട്ടികയിൽ.

∙ നാഗാജനതയ്ക്കു പ്രത്യേക രാജ്യം ആവശ്യപ്പെടുന്ന നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമിന്റെ (എൻഎസ്‌സിഎൻ–ഐഎം) നേതാക്കളും പട്ടികയിലുണ്ട്. 

∙ പരുത്തി ഉൽപാദന മേഖലയിലെ വമ്പൻ കമ്പനിയായ മൊൺസാന്റോയിലെ 6 ഉന്നത ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. 2018 ലാണ് ഇവരുടെ നമ്പറുകൾ ഉൾപ്പെട്ടത്. അംഗീകാരമില്ലാതെ ജനിതകമാറ്റം വരുത്തിയ പരുത്തി വിത്ത് വിൽക്കുന്ന കമ്പനികൾക്കെതിരെ ആ സമയത്ത് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

English Summary: Devendra Fadnavis led BJP government was also under pegasus monitoring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com