സഹകരണസംഘം നിയമ ഭേദഗതി: സുപ്രീം കോടതി സംരക്ഷിച്ചത് സംസ്ഥാന അധികാരം

Supreme-Court
SHARE

ന്യൂഡൽഹി ∙ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ പൗരൻമാർക്ക് മൗലികാവകാശം നൽകുന്ന വ്യവസ്ഥയും ഉൾപ്പെടുന്നതാണ് 97–ാം ഭരണഘടനാ ഭേദഗതി. ഈ ഭേദഗതിയിൽ സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരത്തിൽ കേന്ദ്രം കടന്നുകയറിയെന്ന് സുപ്രീം കോടതി വിലയിരുത്തിയ വ്യവസ്ഥകൾ മാത്രമാണ് കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ റദ്ദാക്കപ്പെട്ടത്. സഹകരണ സംഘ രൂപീകരണം മൗലികാവകാശമായി തുടരും.

സംസ്ഥാനങ്ങളുടെ അധികാരം

ഭരണഘടനയിൽ സംസ്ഥാന പട്ടികയിലാണ് സഹകരണ സംഘങ്ങൾ. അതിനാൽ, ഒരു സംസ്ഥാനത്തിനുള്ളിൽ മാത്രം ഒതുങ്ങുന്ന സഹകരണ സംഘങ്ങളെ സംബന്ധിച്ച നിയമമുണ്ടാക്കാൻ നിയമസഭയ്ക്കാണ് അധികാരം. ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള സഹകരണ സംഘങ്ങൾക്കായി നിയമമുണ്ടാക്കാനുള്ള അധികാരം പാർലമെന്റിനും.

സംസ്ഥാനങ്ങളുണ്ടാക്കുന്ന നിയമങ്ങളിൽ എന്തൊക്കെ വ്യവസ്ഥകളുണ്ടായിരിക്കണമെന്ന് 97–ാം ഭേദഗതിയിലൂടെ ഭരണഘടനയിൽത്തന്നെ വ്യവസ്ഥ ചെയ്യുകയാണ് കേന്ദ്രം ചെയ്തത്.  സഹകരണ സംഘങ്ങൾ എന്ന വിഷയം ഭരണഘടനയുടെ സംസ്ഥാന പട്ടികയിൽത്തന്നെ തുടരുകയാണെന്നും വാദിച്ചു. എന്നാൽ, സഹകരണ സംഘങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നിർദേശങ്ങൾ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്ന നടപടിയായി കോടതി വിലയിരുത്തി.

ഉണ്ടായ നടപടിപ്പിഴവ്

ഭരണഘടനയിലെ 368(2) വകുപ്പിന്റെ ലംഘനവുമുണ്ടായി. നടപടിക്രമം പാലിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയിലെ യൂണിയൻ പട്ടിക, സംസ്ഥാന പട്ടിക, പൊതു പട്ടിക എന്നിവ ഭേദഗതി ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമമുണ്ട്: ഭേദഗതി പാസാക്കിക്കഴിഞ്ഞാൽ പകുതിയിലധികം നിയമസഭകൾ അത് അംഗീകരിച്ച് പ്രമേയം പാസാക്കണം. അതിനുശേഷം മാത്രമാണ് ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകേണ്ടത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഗസറ്റിൽ വിജ്ഞാപനം ചെയ്യുമ്പോഴാണ് ഭേദഗതി പ്രാബല്യത്തിലാവുക.

ഭേദഗതിയുടെ അടിസ്ഥാനത്തിൽ 17 സംസ്ഥാനങ്ങൾ നിയമം പാസാക്കിയെന്നും അതുതന്നെ ഭേദഗതിക്കുള്ള അംഗീകാരമാണെന്നുമാണ് അറ്റോർണി ജനറൽ വാദിച്ചത്. എന്നാൽ, ഭേദഗതി രാഷ്ട്രപതിക്കു നൽകുംമുൻപ് നിയമസഭകൾ പ്രമേയത്തിലൂടെ അംഗീകാരം നൽകണമായിരുന്നു. 

ഭരണഘടനയിൽ ഉൾപ്പെടുത്തിയ വ്യവസ്ഥ 11 സംസ്ഥാനങ്ങൾ കണക്കിലെടുത്തില്ലെന്നതു ശ്രദ്ധേയമാണ്. 2012 ഫെബ്രുവരി 15നാണ് ഭേദഗതി പ്രാബല്യത്തിൽ വന്നത്. തുടർന്ന് ഒരു വർഷത്തിനകം സംസ്ഥാനങ്ങൾ നിയമം പാസാക്കണമായിരുന്നു.  2013 ഏപ്രിൽ 22നാണ് ഭേദഗതി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുന്നത്. അതോടെ നിയമനിർമാണം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയതായി.

അതേസമയം, ഭരണഘടനാ ഭേദഗതി വീണ്ടും കൊണ്ടുവരണമെന്ന് നാഷനൽ കോ ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ജി.എച്ച്.അമീൻ പറഞ്ഞു. എല്ലാ സംസ്ഥാനത്തെയും സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് ദേശീയ നയമുണ്ടാക്കണം. നിയമം പാസാക്കാത്ത സംസ്ഥാനങ്ങളെ അതിനായി കേന്ദ്രം നിർബന്ധിക്കണമെന്ന് നാഷനൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്സ് മാനേജിങ് ഡയറക്ടർ ബി. സുബ്രമണ്യം പറഞ്ഞു. 

English Summary: Supreme Court protected state governments power in co-operation group law amendment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA