ADVERTISEMENT

ന്യൂഡൽഹി ∙ കരസേനയിൽ വനിതകൾക്കു ദീർഘകാല നിയമനം (പെർമനന്റ് കമ്മിഷൻ – പിസി) അനുവദിച്ച വിധിയിൽ വ്യക്തത തേടിയെത്തിയ കേന്ദ്ര സർക്കാരിനു സുപ്രീം കോടതിയുടെ അതിനിശിത വിമർശനം. സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചാൽ അതു നടപ്പാക്കാതെ വ്യക്തത തേടി വരുന്നതു സർക്കാർ ഫാഷനാക്കി മാറ്റിയിരിക്കുകയാണെന്നു കോടതി വിമർശിച്ചു.

വിധിയിൽ അതൃപ്തിയുണ്ടെങ്കിൽ പുനഃപരിശോധന ഹർജി നൽകണമെന്നു വ്യക്തമാക്കിയ കോടതി, പിസി അനുവദിച്ചുള്ള ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നും നിർദേശിച്ചു. ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേന്ദ്ര നിലപാടിനെ വിമർശിച്ചത്. ഹർജി കോടതി തള്ളി.

വിധി നടപ്പാക്കാതെ ഉത്തരവിനു ചുറ്റും കിടന്നു കറങ്ങാനുള്ള ശ്രമമാണ് സേനയുടേതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പുതിയൊരു കോടതി വ്യവഹാരം ഒഴിവാക്കാൻ ചെറിയ വിശദീകരണം തേടിയാണ് എത്തിയതെന്ന് അ‍ഡീഷനൽ സോളിസിറ്റർ ജനറൽ ബൽബീർ സിങ് പറഞ്ഞു. 

ഉത്തരവിൽ വ്യക്തത തേടി, മിസലെനിയസ് ഹർജിയാണ് സർക്കാർ നൽകിയത്. ഇതു ശരിയായ കീഴ്‍വഴക്കമല്ലെന്നു കോടതി പറഞ്ഞു. ഉത്തരവിലെ അക്ഷരത്തെറ്റോ മറ്റോ ചൂണ്ടിക്കാണിക്കാനാണു പൊതുവേ ഇത്തരം ഹർജികൾ എത്തുന്നത്. ട

പുനഃപരിശോധന ഹർജികൾ ജഡ്ജിമാർ ചേംബറിലാണ് കേൾക്കുകയെന്നതിനാൽ വാദം കേൾക്കാനുള്ള സാധ്യതയില്ല. ഇതു മറികടക്കാൻ പുനഃപരിശോധന വിഷയങ്ങൾ പോലും മിസലെനിയസ് ഹർജികളാക്കി മാറ്റുന്ന രീതിയാണ് കോടതി വിമർശിച്ചത്. സുപ്രീം കോടതിയുടെ വിധികൾ വിശാല അർഥത്തിലുള്ളതാണ്. 

ഓരോ വ്യക്തിപരമായ കേസിലും വിശദീകരണം നൽകാൻ കോടതിക്ക് കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ ട്രൈബ്യൂണലുകളെ ആശ്രയിക്കണമെന്നു മറ്റൊരു കേസിൽ ജസ്റ്റിസ് ചന്ദ്രചൂഡ് വിശദീകരിച്ചു.

English Summary: Court statement to central government regarding permanent commission pc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com