ADVERTISEMENT

ന്യൂഡൽഹി/പട്ന ∙ പെഗസസ് വിഷയത്തിൽ അന്വേഷണം വേണമെന്ന് എൻഡിഎയുടെ മുഖ്യ ഘടകകക്ഷിയായ ജനതാദൾ (യു) ആവശ്യപ്പെട്ടതോടെ ഇതു സംബന്ധിച്ചു ഭരണസഖ്യത്തിൽ ഭിന്നത വ്യക്തമായി. ഇസ്രയേൽ നിർമിത ചാരസോഫ്‌റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഉന്നതർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ചോർത്തി എന്ന ആരോപണത്തിൽ അന്വേഷണം അനിവാര്യമാണെന്ന് ജെഡി (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആവശ്യപ്പെട്ടു. ദേശീയതലത്തിൽ എൻഡിഎയുടെ ഏറ്റവും പ്രധാന ഘടകകക്ഷിയായ ജെഡി (യു) ഈ ആവശ്യം ഉന്നയിച്ചത്, പെഗസസ് സംഭവമേ ഇല്ലെന്ന നിലപാടെടുക്കുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനും തിരിച്ചടിയായി. 

കഴിഞ്ഞ മാസം 19ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ പെഗസസിന്റെ പേരിൽ ഇരുസഭകളും മുടങ്ങുകയാണ്. വിഷയത്തിൽ ഒരുമിച്ചു നീങ്ങാൻ ഇന്നു രാവിലെ പ്രതിപക്ഷ എംപിമാരുടെ യോഗം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിളിച്ചിട്ടുണ്ട്. പെഗസസ് സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കുന്നുമുണ്ട്. പാർലമെന്റിൽ ചർച്ച നടക്കാത്തതിനാൽ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ സമാന്തര പാർലമെന്റ് നടത്തി പെഗസസ് ചർച്ച ചെയ്യണമെന്നാണ് ഇടതുപക്ഷ നിർദേശം. 

പെഗസസ് ഇന്ത്യയെയും ജനങ്ങളെയും ബാധിക്കുന്ന വിഷയമല്ലെന്നാണ് പാർലമെന്റിൽ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. ഫോൺചോർത്തൽ നടന്നുവെന്ന് ആരോപിക്കപ്പെട്ട മറ്റു പല രാജ്യങ്ങളും ഇസ്രയേലും അന്വേഷണം ആരംഭിച്ചിട്ടും ഇന്ത്യയിൽ ഇങ്ങനെ ഒന്നും സംഭവിച്ചില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

ജെഡിയു ബന്ധത്തിൽ വീണ്ടും കല്ലുകടി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏറെക്കുറെ സുഗമമായിരുന്ന ബിജെപി – ജെഡിയു ബന്ധത്തിൽ വീണ്ടും കല്ലുകടിയുടെ സൂചനയാണ് നിതീഷിന്റെ പ്രസ്താവന. ജാതി സെൻസസ് വിഷയത്തിലും കേന്ദ്രത്തിൽനിന്നു ഭിന്നമായ നിലപാട് നിതീഷ് സ്വീകരിച്ചിട്ടുണ്ട്. ബിഹാറിലെ പ്രതിപക്ഷമായ ആർജെഡിയുമായി കൈകോർത്ത് ജാതി സെൻസസിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് നിതീഷ്. കഴിഞ്ഞ മാസം നടന്ന പുനഃസംഘടനയിലാണ് ജെഡിയുവിന് കേന്ദ്രമന്ത്രിസ്ഥാനം നൽകിയത്.

‘പെഗസസ് സംബന്ധിച്ച് തീർച്ചയായും അന്വേഷണം നടത്തണം. ഫോൺ ചോർത്തുന്നുവെന്ന ആക്ഷേപം മാധ്യമങ്ങളിൽ വരികയും പാർലമെന്റിൽ പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നതിനാൽ അന്വേഷണം വേണം’ – നിതീഷ് കുമാർ 

English Summary: Nitish Kumar Demands Probe Into Pegasus Scandal, First BJP Ally To Do So

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com