ADVERTISEMENT

ചെന്നൈ ∙ പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോൻ (80) ഓർമയായി. പക്ഷാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് 2നു ചെന്നൈ ബസന്റ് നഗർ പൊതുശ്മശാനത്തിൽ നടക്കും. എറണാകുളം മാറായിൽ ബാലകൃഷ്‌ണമേനോന്റെയും കാരയ്‌ക്കാട്ട് രാജമ്മയുടെയും മകളാണ്. 

നേവി ഓഫിസറായിരുന്ന കെ.കെ. മേനോനുമായുള്ള വിവാഹ ശേഷം മുബൈയിലെത്തിയ കല്യാണിക്ക്, ഷൺമുഖാനന്ദ ഹാളിൽ യേശുദാസിനൊപ്പം പാടാൻ അവസരം ലഭിച്ചതാണു സിനിമയിലേക്കു വഴി തുറന്നത്. സംഗീതഭൂഷണം എം.ആർ. ശിവരാമന്റെ ശിഷ്യരായിരുന്നു ചെറുപ്പത്തിൽ ഇരുവരും. 

ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ‘എന്നിനി ദർശനം ...’ എന്ന ഗാനം ‘അബല’ എന്ന സിനിമയിൽ ആലപിച്ചെങ്കിലും ചിത്രം റിലീസായില്ല. രാമു കാര്യാട്ടിന്റെ ‘ദ്വീപി’ൽ ബാബുരാജ് ഈണമിട്ട ‘കണ്ണീരിൻമഴയത്ത് നെടുവീർപ്പിൻ കാറ്റത്ത്’ എന്ന ഗാനത്തോടെയാണു ശ്രദ്ധിക്കപ്പെട്ടത്. 

മലയാളികൾ നെഞ്ചേറ്റിയ ‘ഋതുഭേദകൽപന ചാരുത നൽകിയ’ (മംഗളം നേരുന്നു) എന്ന പ്രണയയുഗ്മഗാനം യേശുദാസും കല്യാണിയും ചേർന്ന് അനശ്വരമാക്കി. പവനരച്ചെഴുതുന്നു കോലങ്ങളെന്നും (വിയറ്റ്‌നാം കോളനി), ജലശയ്യയിൽ തളിരമ്പിളി (മൈ മദേഴ്സ് ലാപ്ടോപ്), ഉണ്ണിക്കണ്ണാ വായോ (കാക്കക്കുയിൽ) തുടങ്ങിയ പാട്ടുകളും ആരാധകർ ഏറ്റെടുത്തു. 

എന്നാൽ, കൂടുതൽ അവസരങ്ങൾ നൽകിയതു തമിഴ് സിനിമയാണ്. ഇളയരാജയുടെ ‘സൊവാനമേ പൊൻമേഘമേ’യെന്ന പാട്ടിലൂടെ തമിഴിൽ അരങ്ങേറി. നീ വരുവായ് എന നാൻ ഇരുന്തേൻ (സുജാത), ഇന്ദിരയോ ഇവൾ സുന്ദരിയോ (കാതലൻ), അലൈപായുതേ കണ്ണാ (അലൈപായുതേ), ഓമനപ്പെണ്ണേ (വിണ്ണൈ താണ്ടി വരുവായാ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ നൂറോളം ചിത്രങ്ങളിലായി അവർ പാടി. എ.ആർ. റഹ്മാന്റെ ആൽബങ്ങളിലെ നിത്യസാന്നിധ്യമായിരുന്നു. വിജയ് സേതുപതി ചിത്രം ’96നു വേണ്ടി 77–ാം വയസ്സിൽ ആലപിച്ച ഹിറ്റ് ഗാനം ‘കാതലേ കാതലേ’ ആണ് അവസാന സിനിമാഗാനം. 

ഭർത്താവ് 1978ൽ അന്തരിച്ചു. മകനും പ്രശസ്ത സംവിധായകനുമായ രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ’എന്ന തമിഴ് ചിത്രത്തിൽ ഐശ്വര്യറായിയുടെ സംഗീതാധ്യാപികയായി കല്യാണി മേനോൻ വേഷമിട്ടിരുന്നു. ഐശ്വര്യ റായ് – അഭിഷേക് ബച്ചൻ വിവാഹവേദിയിൽ ‘സീതാകല്യാണ വൈഭോഗമേ...’ ശ്ലോകം ചൊല്ലിയതും കല്യാണിമേനോനാണ്. സംവിധായിക ലത മേനോനാണു രാജീവിന്റെ ഭാര്യ. റെയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥനായ കരുൺ മേനോനാണു മറ്റൊരു മകൻ. 

English Summary : Playback singer Kalyani Menon passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com