ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ് ഉപയോഗിച്ച് തന്റെ ഫോണിൽനിന്നു സ്വകാര്യചിത്രങ്ങൾ ചോർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി അൽ ജസീറ ചാനലിലെ മാധ്യമപ്രവർത്തകയും ലബനൻ സ്വദേശിയുമായ ഗാദ ഉവൈസ് ആരോപിച്ചു.

സൗദി ഭരണകൂടത്തിന്റെ വിമർശകനും  കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ സുഹൃത്ത് കൂടിയാണ് ഗാദ. ഇസ്തംബുളിൽ കൊല്ലപ്പെട്ട ഖഷോഗിയെ നിരീക്ഷിക്കാൻ പെഗസസ് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ ഭർത്താവുമൊത്ത് അത്താഴം കഴിക്കുന്നതിനിടെയാണ് ട്വിറ്റർ നോക്കാൻ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞത്. ബിക്കിനി ധരിച്ചെടുത്ത തന്റെ സ്വകാര്യ ചിത്രം ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതാണ് കണ്ടത്. ബോസിന്റെ ഓഫിസിൽ നിന്നെടുത്ത ചിത്രമെന്ന പേരിലാണ് ഇത് പ്രചരിക്കപ്പെട്ടത്. അപമാനിക്കുന്ന തരത്തിലുള്ള ആയിരക്കണക്കിന് ട്വീറ്റുകളും മെസേജുകളും വന്നു. ഇതിൽ മിക്കതും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകളിൽ നിന്നായിരുന്നുവെന്ന് ഗാദ ഉവൈസ് അമേരിക്കൻ മാധ്യമമായ എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഖഷോഗി കൊല്ലപ്പെട്ടത് മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയെന്ന് യുഎസ് റിപ്പോർട്ടുണ്ട്. 

ഈ വിഷയത്തിൽ നിയമ പോരാട്ടത്തിലാണ് ഗാദ ഉവൈസ്. ഫൊറൻസിക് പരിശോധനയിൽ ഫോണിൽ പെഗസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. 

∙ ‘ഓൺലൈനിലെ അതിക്രമങ്ങൾ പതിവായിരുന്നെങ്കിലും ഇതു വ്യത്യസ്തമാണ്. ആരോ നിങ്ങളുടെ വീട്ടിൽ, നിങ്ങളുടെ കിടപ്പുമുറിയിൽ, നിങ്ങളുടെ ബാത്ത്റൂമിൽ കയറിയതു പോലെയായിരുന്നു. കടുത്ത മാനസികസംഘർഷമാണ് അനുഭവിച്ചത്.’ – ഗാദ ഉവൈസ്  

English Summary: Lebaneese media persons private photos leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com