ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശ്രമം ആരംഭിച്ചതിനു പിന്നാലെയാണ്, ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തിൽ ഒന്നിച്ചു കൂട്ടാൻ രാഹുലും മുൻകയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന് പാർലമെന്റിനു സമീപമുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ പ്രതിപക്ഷ എംപിമാരെ രാഹുൽ പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പതിവ് വിട്ട്, ആദ്യമായാണ് എല്ലാ എംപിമാർക്കുമായി രാഹുൽ വിരുന്നൊരുക്കുന്നത്. അകാലിദൾ, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ടിഡിപി, ബിജെഡി ഒഴികെയുള്ള 15 കക്ഷികളിലെ എംപിമാർ പങ്കെടുക്കുമെന്നാണു സൂചന.

പാർലമെന്റിനകത്തും പുറത്തും കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിനു വീര്യം കൂട്ടാനുള്ള ചർച്ചകൾ പ്രതിപക്ഷം നടത്തും. പെഗസസ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രം വിസമ്മതിക്കുന്ന സാഹചര്യത്തിൽ സമാന്തര പാർലമെന്റ് സംഘടിപ്പിച്ചു വിഷയം അവിടെ ചർച്ചയ്ക്കെടുക്കണമെന്ന നിർദേശം ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. വിഷയത്തിൽ പാർലമെന്റിൽ പ്രത്യേക ചർച്ച നടത്താൻ കേന്ദ്രം തയാറാകും വരെ വർഷകാല സമ്മേളനം പൂർണമായി സ്തംഭിപ്പിക്കാൻ കഴിഞ്ഞ ദിവസം പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയമായി കടന്നാക്രമിക്കണമെന്നു കോൺസിനുള്ളിൽ നിരന്തരം വാദിക്കുന്ന രാഹുൽ, മുൻപില്ലാത്തവിധം പ്രതിപക്ഷ കക്ഷികളിലേക്കും ആ ചിന്ത പകരാൻ മുൻകയ്യെടുക്കുകയാണ്. പ്രതിപക്ഷത്തിനിടയിൽ തന്റെ പ്രതിഛായ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണു പ്രതിപക്ഷ കക്ഷികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തുന്നത്. ലോക്സഭയിലെ ബഹളത്തിനിടയിലും വൈഎസ്ആർ കോൺഗ്രസ് അടക്കമുള്ള കക്ഷികളിലെ എംപിമാരുമായി രാഹുൽ ഇപ്പോൾ പതിവായി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നതും ശ്രദ്ധേയം.

English Summary: Rahul Gandhi to host breakfast to opposition party leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com