ADVERTISEMENT

മംഗളൂരു ∙ യോഗ ചെയ്യുന്നതിനിടെ വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ഓസ്കർ ഫെർണാണ്ടസ് (80) അന്തരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് മംഗളൂരു യേനെപോയ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരു സെന്റ് പാട്രിക്സ് ദേവാലയത്തിൽ വ്യാഴാഴ്ച സംസ്കാരം നടക്കും.

മംഗളൂരു അത്താവരയിലെ ഫ്ലാറ്റിൽ ജൂലൈ 18നു രാവിലെയാണു ഓസ്കറിനു പരുക്കേറ്റത്. കാര്യമായ പ്രശ്നമില്ലാതിരുന്നതിനാൽ ചികിത്സ തേടിയില്ല. എന്നാൽ, വൃക്കരോഗിയായ ഓസ്കർ അന്നു വൈകിട്ട് ഡയാലിസിസ് ചെയ്തതിനു പിന്നാലെ ആശുപത്രിയിൽ കുഴഞ്ഞു വീണു. തുടർന്നുള്ള പരിശോധനയിലാണു വീഴ്ചയിൽ തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.  ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇന്നലെ ഉച്ചയോടെ നില വഷളായി.

IND21141A

മൻമോഹൻ സിങിന്റെ  ഒന്നാം യുപിഎ സർക്കാരിൽ സഹമന്ത്രിയായും കാബിനറ്റ് മന്ത്രിയായും ഗതാഗതം, തൊഴിൽ, സ്പോർട്സ്, പ്രവാസികാര്യം എന്നിവയടക്കം വകുപ്പുകൾ കൈകാര്യം ചെയ്തു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറി ആയിരുന്നു. 17 വർഷം ലോക്സഭാംഗമായി. 23 വർഷമായി രാജ്യസഭാംഗമാണ്. കർണാടക പിസിസി പ്രസിഡന്റ്, എഐസിസി ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു.

ഉഡുപ്പി ഉദ്യാവറിൽ 1941 മാർച്ച് 27നാണു ജനനം. എൽഐസിയിൽ ക്ലാർക്ക് ആയിരുന്നു. പിന്നീട് ഉഡുപ്പി നഗരസഭാംഗമായി. കോൺഗ്രസ് നേതാക്കൾക്കിടയിലെ കലാകാരനായിരുന്നു. പതിവായി പോക്കറ്റിൽ മൗത്ത് ഓർഗൻ കൊണ്ടുനടന്നിരുന്ന ഓസ്കർ അവസരമൊത്താൽ ചടങ്ങുകളിലെല്ലാം അതു വായിക്കുമായിരുന്നു. കുച്ചിപ്പുഡി നൃത്തത്തിലും വിദഗ്ധനായിരുന്നു. ഭാര്യ: ബ്ലോസം. മക്കൾ: ഓഷൻ, ഒഷാനി. മരുമക്കൾ: പ്രസിൽ ക്വാഡ്രസ്, മാർക് സൽദാന.

English Summary: Oscar Fernandes, senior Congress leader, passes away in Mangaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com