ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടിയോട് എക്കാലവും കൂറുപുലർത്തിയ വിശ്വസ്തനെയാണ് ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിലൂടെ കോൺഗ്രസിനു നഷ്ടമാകുന്നത്. സംഘടനാതലത്തിൽ കോൺഗ്രസിലെ ട്രബിൾ ഷൂട്ടറായിരുന്ന അദ്ദേഹം, രാജീവ് ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും എക്കാലവും അടുപ്പം സൂക്ഷിച്ച നേതാവാണ്. 

രാജീവിൽ നിന്ന് സോണിയയിലേക്ക്

രാജീവിന്റെ 3 പാർലമെന്ററികാര്യ സെക്രട്ടറിമാരിൽ ഒരാളായി 1985 ൽ ചുമതലയേറ്റ ഓസ്കർ, ഭരണത്തിലും സംഘടനാതലത്തിലും ഒരുപോലെ മികവു പുലർത്തി. അരുൺ സിങ്, അഹമ്മദ് പട്ടേൽ, ഓസ്കർ എന്നിവരുൾപ്പെട്ട രാജീവിന്റെ സെക്രട്ടറിമാരെ അന്ന് ദേശീയ രാഷ്ട്രീയം ഇങ്ങനെ വിളിച്ചു– അമർ, അക്ബർ, ആന്റണി. 

കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത വേളയിൽ തന്റെ ഏറ്റവും അടുത്ത വൃന്ദത്തിൽ പട്ടേലിനെയും ഓസ്കറിനെയും സോണിയ ഉൾപ്പെടുത്തി – ഒന്ന്, രണ്ട് യുപിഎ സർക്കാരുകളുടെ കാലത്ത് ഇരുവരും സോണിയയുടെ ഇടംവലം നിന്നു. പട്ടേൽ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചപ്പോൾ ഓസ്കർ പാർട്ടിയുടെ സംഘടനാ സംവിധാനം ചലിപ്പിച്ചു. 2005 ൽ കോൺഗ്രസ് പ്രസിഡന്റായി സോണിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സംഘടനയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്നു അദ്ദേഹം. തൊണ്ണൂറുകളുടെ തുടക്കത്തിൽ രാജ്യത്തുടനീളം അംഗത്വ വിതരണം പൂർത്തിയാക്കി കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയപ്പോഴും അതിനു ചുക്കാൻ പിടിച്ച സമിതിയുടെ അമരത്ത് ഓസ്കറായിരുന്നു. 

‘നിങ്ങൾക്കു സോണിയയോടു പറയാൻ കഴിയാത്ത എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഓസ്കറിനടുത്തേക്കു പോവുക’ – കോൺഗ്രസിലെ ഈ അണിയറ വാചകം പാർട്ടി ഹൈക്കമാൻഡിൽ ഓസ്കറിനുണ്ടായിരുന്ന സ്വാധീനത്തിനു തെളിവ്. നേതാക്കളിൽ പലർക്കും സോണിയയിലേക്കുള്ള പാലമായിരുന്നു അദ്ദേഹം; ഏതു പാതിരാത്രിയിലും ഒരു ഫോൺകോളിനപ്പുറം അവർക്ക് ഓസ്കറിനെ കിട്ടി. ഏതാവശ്യത്തിനും ‘യെസ്, ശരിയാക്കാം’ എന്നു മറുപടി നൽകിയിരുന്ന ഓസ്കർ, പാർട്ടി നേതാക്കൾക്ക് ‘യെസ് ഓസ്കർ’ ആയി. 

മൗത്ത് ഓർഗൻ വായിച്ച മധ്യസ്ഥൻ

സംഘടനയ്ക്കു പുറത്ത് കോൺഗ്രസ് നേരിട്ട സങ്കീർണ വിഷയങ്ങളിലും സോണിയ ഓസ്കറിനെ ആശ്രയിച്ചു. വിഘടനവാദം രൂക്ഷമായ നാഗാലൻഡിലേക്കു സോണിയ നിയോഗിച്ച മധ്യസ്ഥനായി പോകുമ്പോൾ തന്റെ മൗത്ത് ഓർഗനും അദ്ദേഹം കയ്യിൽ കരുതി. നാഗാ വിഘടനവാദി സംഘടനയായ എൻഎസ്‌സിഎന്നിന്റെ നേതാവ് തുയിംഗലങ് മുയിവയുടെ ജൻമദിനമാണെന്നറിഞ്ഞ ഓസ്കർ ചർച്ചയ്ക്കിടെ മൗത്ത് ഓർഗനെടുത്ത് ‘ഹാപ്പി ബർത്ഡേ’ ഈണം വായിച്ചു! ചർച്ചകളുടെ അവസാനം പ്രാർഥിക്കുന്നതും ഓസ്കറിന്റെ ശീലമായിരുന്നു. വിഘടനവാദി നേതാക്കളെയും പ്രാർഥനയിൽ അദ്ദേഹം ഒപ്പം കൂട്ടി. പ്രാർഥന ചൊല്ലുന്ന ഓസ്കറിനു വിഘടനവാദികൾ ഒരു വിശേഷണം നൽകി – ബ്രദർ ഓസ്കർ. 

ന്യൂഡൽഹിയിൽ 2012ൽ നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ സോണിയ ഗാന്ധിക്കും മൻമോഹൻ സിങ്ങിനുമൊപ്പം ഓസ്കർ ഫെർണാണ്ടസ്.
ന്യൂഡൽഹിയിൽ 2012ൽ നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ സോണിയ ഗാന്ധിക്കും മൻമോഹൻ സിങ്ങിനുമൊപ്പം ഓസ്കർ ഫെർണാണ്ടസ്.

സോണിയയുടെ 10 ജൻപഥിലെ വസതിയിൽ രാത്രി വൈകുവോളം നീളുന്ന ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ ഓസ്കർ ഇഴകീറി പരിശോധിക്കുമായിരുന്നു. അവിടെനിന്നു മടങ്ങും മുൻപും അദ്ദേഹം പ്രാർഥിക്കും; സോണിയയും ഒപ്പം കൂടും. 

ഡൽഹി ഗോൾഡാക് ഘാന കത്തീഡ്രലിൽ കുർബാനയ്ക്കിടെ ഗായക സംഘത്തിലും ഓസ്കർ സാന്നിധ്യമറിയിച്ചു. മൗത്ത് ഓർഗനും സംഗീതത്തിനും പുറമേ അദ്ദേഹം മികവു പുലർത്തിയ മറ്റൊരു മേഖല കൂടിയുണ്ട് – കുച്ചിപ്പുഡി നൃത്തം. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെ കുച്ചിപ്പുഡിയിൽ അദ്ദേഹം പ്രാവീണ്യം നേടി. പാർട്ടിയിലെയും രാഷ്ട്രീയത്തിലെയും സങ്കീർണ പ്രശ്നങ്ങൾ നർത്തകന്റെ മെയ്‌വഴക്കത്തോടെ, പാട്ടും പാടി കൈകാര്യം ചെയ്ത ഓസ്കറിന്റെ ‘രാഷ്ട്രീയകല’ ഇനി ഓർമ.

English Summary: Remembering Oscar Fernandez

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com