ADVERTISEMENT

ന്യൂഡൽഹി ∙ പെഗസസ് ചാര സോഫ്റ്റ്‌വെയർ വിവാദത്തിൽ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും നേർക്കുനേർ. പെഗസസ് ഉപയോഗിച്ച് നിയമവിരുദ്ധമായി വിവരങ്ങൾ ചോർത്തിയോയെന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമായ ഉത്തരം നൽകിയില്ല. അനധികൃതമായി പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്നു മാത്രമാണ് അറിയേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നതിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹർജിയിൽ 2–3 ദിവസത്തിനകം ഇടക്കാലവിധി പറയും; വിശദ സത്യവാങ്മൂലം നൽകുന്ന തിൽ പുനരാലോചനയ്ക്ക് അതുവരെ സമയമുണ്ടെന്നും വ്യക്തമാക്കി.

മാധ്യമപ്രവർത്തകരുടെയും മറ്റും ഫോൺ നിയമവിരുദ്ധമായി ചോർത്തിയോ എന്നതാണ് ചോദ്യമെന്നു കോടതി ചൂണ്ടിക്കാട്ടി. അതുമിതും പറയാതെ കൃത്യമായ മറുപടി നൽകണം. പെഗസസ് സർക്കാർ ഉപയോഗിച്ചോ ഇല്ലയോ എന്നതു പൊതുവിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും ഇതൊരു സത്യവാങ്മൂലത്തിന്റെ ഭാഗമാക്കുന്നതു രാജ്യതാൽപര്യത്തിനു വിരുദ്ധമാണെന്നും സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത പറഞ്ഞു. ‘‘സർക്കാരിന് ഒന്നും ഒളിക്കാനില്ല. വിദഗ്ധ സമിതി അന്വേഷിക്കട്ടെയെന്നു പറയുന്നത് അതുകൊണ്ടാണ്. ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതെന്നു പരസ്യമാക്കുന്നത് ഭീകരർ മുതലെടുക്കും’’– എസ്ജി അവകാശപ്പെട്ടു. വാദം തൃപ്തികരമല്ലെന്നു കോടതി വ്യക്തമാക്കി.

മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, പരഞ്ജോയ് ഗുഹ താക്കുർത്ത, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് തുടങ്ങിയവരും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും മറ്റുമാണ് ഹർജിക്കാർ. അന്വേഷണ സമിതിയെ വയ്ക്കണമെന്നാണ് ആവശ്യം.

‘കാടടച്ചു വെടിവയ്ക്കുന്നു’

‘സ്വകാര്യതയുടെ ലംഘനം സംബന്ധിച്ചുള്ളതാണ് ഹർജി; ദേശീയ സുരക്ഷയെക്കുറിച്ചു പറയേണ്ടതില്ല’’– സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്തയെ കോടതി ഓർമിപ്പിച്ചു. സർക്കാരിന്റെ നിരീക്ഷണത്തിനു നിയമാനുസൃത നടപടിക്രമമുണ്ട്. അതു പാലിച്ചോ എന്നറിയാൻ സത്യവാങ്മൂലം സഹായകരമാകും. പെഗസസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു നിയമാനുസൃത മാർഗത്തിലായിരിക്കണം. ഇതിനു മറുപടി പറയാതെ എസ്ജി കാടടച്ചു വെടിവയ്ക്കുകയാണെന്നു കോടതി കുറ്റപ്പെടുത്തി.

േനരത്തേ നൽകിയ സത്യവാങ്മൂലത്തിലുള്ളതിൽ കൂടുതലൊന്നും പറയാനാവില്ലെന്നും കോടതിയിലോ പരസ്യമായോ ചർച്ച താൽപര്യപ്പെടുന്നില്ലെന്നും എസ്ജി അറിയിച്ചു. എല്ലാ കാര്യങ്ങളും വിദഗ്ധ സമിതിയോടു വെളിപ്പെടുത്താൻ തയാറാണെന്നും പറഞ്ഞു.

Content Highlight: Supreme Court, Government of India, Pegasus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com