ADVERTISEMENT

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ വിശാലമായ ജനാധിപത്യ സർക്കാർ ഉറപ്പാക്കാനും സഹായമെത്തിക്കാനും ഒരുമിച്ചു പ്രവർത്തിക്കാൻ തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടി തീരുമാനിച്ചു. 

അഫ്ഗാനിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുന്നതും ഭീകരത, ലഹരികടത്ത്, മനുഷ്യക്കടത്ത് എന്നിവയെ എതിർക്കുന്നതുമായ ഭരണകൂടം ഉറപ്പാക്കാൻ എസ്‌സിഒ ഒറ്റക്കെട്ടായി നിൽക്കും. അഫ്ഗാന് അടിയന്തര സാമ്പത്തിക സഹായം എത്തിക്കണം. അഭയാർഥികൾക്ക് സ്വദേശത്തേക്കു മടങ്ങാനുള്ള സാഹചര്യമുണ്ടാക്കണം. 

അഫ്ഗാനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കുന്നതു കൂട്ടായി ആലോചിച്ചു വേണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉച്ചകോടിയുടെ ഭാഗമായി നടന്ന സംയുക്ത സുരക്ഷാ കരാർ ഓർഗനൈസേഷൻ (സിഎസ്ടിഒ) യോഗത്തിൽ വെർച്വൽ പ്രസംഗത്തിലായിരുന്നു മോദിയുടെ നിർദേശം. അഫ്ഗാനിലെ ഭരണമാറ്റത്തിന്റെ ആഘാതം ഇന്ത്യയടക്കമുളള അയൽരാജ്യങ്ങളിലാണ്. അസ്ഥിരത ഭീകരതയ്ക്കു വളമാകും. അതിർത്തികടന്നുളള ഭീകരപ്രവർത്തനം, ഭീകരതയ്ക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയാനുള്ള നടപടികൾ ഉണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു. 

അഫ്ഗാനു രാജ്യാന്തര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് ചൈന പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. അഫ്ഗാനെ പാക്കിസ്ഥാൻ പിന്തുണയ്ക്കുമെന്നും പുറത്തു നിന്ന് ആർക്കും അഫ്ഗാനെ നിയന്ത്രിക്കാനാവില്ലെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഉച്ചകോടിയിൽ പങ്കെടുത്തു. 

ഇന്ത്യ, ചൈന, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് എസ്‌സിഒയിലുള്ളത്. റഷ്യ, ബെലാറൂസ്, അർമീനിയ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ രാജ്യങ്ങളാണ് സംയുക്ത സുരക്ഷാ കരാർ ഓർഗനൈസേഷനിൽ (സിഎസ്ടിഒ) ഉള്ളത്. 

ഇന്ത്യ–ചൈന ചർച്ച തുടരും

ന്യൂഡൽഹി ∙ ദുഷാൻബെയിൽ എസ്‌സിഒ ഉച്ചകോടിക്കെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈന വിദേശകാര്യമന്ത്രി വാങ് യിയും കിഴക്കൻ ല‍ഡാക്ക് വിഷയത്തിൽ ചർച്ച നടത്തി. അതിർത്തിയിൽ ബാക്കി നിൽക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മൂന്നാമതൊരു രാജ്യത്തിന്റെ കണ്ണിലൂടെ ഇന്ത്യയുമായുള്ള ബന്ധം വിലയിരുത്തരുതെന്നും ജയശങ്കർ ആവശ്യപ്പെട്ടു.

പാക്കിസ്ഥാനുമായി ചൈനയ്ക്കുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തിലാണിത്. മന്ത്രിതല ചർച്ച തുടരാൻ തീരുമാനമായി. ഇരുരാജ്യങ്ങളിലെയും സൈനിക, നയതന്ത്ര പ്രതിനിധികൾ വീണ്ടും ചർച്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

English Summary: SCO summit on Afghanistan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com