ADVERTISEMENT

ന്യൂഡൽഹി ∙ പ്രമേഹ രോഗികൾക്കു സന്തോഷ വാർത്ത. റഫ്രിജറേറ്ററിൽ വയ്ക്കാതെ സൂക്ഷിക്കാവുന്ന ഇൻസുലിൻ വരുന്നു. കൊൽക്കത്തയിലെ 2 ഗവേഷകരുടെ നേതൃത്വത്തിലാണു നിർണായക കണ്ടെത്തൽ നടത്തിയത്. 

നിലവിൽ 4 ഡിഗ്രി സെൽഷ്യസിലാണ് ഇൻസുലിൻ സൂക്ഷിക്കുന്നത്. ഇതിനു മുകളിൽ ചൂട് വരികയോ 12 മണിക്കൂർ തുടർച്ചയായി റഫ്രിജറേറ്ററിനു പുറത്തിരിക്കുകയോ ചെയ്താൽ ഉപയോഗശൂന്യമാകും. യാത്രകളിലും മറ്റുമാണ് ഇത് വലിയ അസൗകര്യകുന്നത്. എന്നാൽ ഗവേഷകർ വികസിപ്പിച്ച പുതിയ തന്മാത്ര വഴി 65 ഡിഗ്രി വരെ ചൂടു താങ്ങാ‍ൻ ഇൻസുലിനു കഴിയും. റഫ്രിജറേറ്ററിൽ വച്ചില്ലെങ്കിലും മാസങ്ങളോളം ഉപയോഗിക്കാം.  

കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. ശുഭ്രാംശു ചാറ്റർജി, കൊൽക്കത്ത സിഎസ്ഐആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിലെ ഡോ. പാർഥ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ ഹൈദരാബാദ് സിഎസ്ഐആർ– ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ ഡോ. ബി.ജഗദീഷ്, ഡോ. ജിതേന്ദർ റെഡ്ഡി എന്നിവരും പങ്കാളികളാണ്. ഐസയൻസ് എന്ന രാജ്യാന്തര ജേണലിലാണു പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇനി മനുഷ്യരിലുള്ള പരീക്ഷണം നടത്തേണ്ടതിനാൽ ശാസ്ത്രസാങ്കേതിക വകുപ്പിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ. ഇൻസു–ലോക് എന്നാണു തൽക്കാലം പേരിട്ടിരിക്കുന്നത്. 

subramsu
ശുഭ്രാംശു ചാറ്റർജി

വില കുറയുമോ ? 

കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ശുഭ്രാംശു ചാറ്റർജി ‘മനോരമ’യോടു പറഞ്ഞത്:

‘‘ഉൽപാദനം മുതൽ വിൽപന വരെയുള്ള ഘട്ടങ്ങളിൽ റഫ്രിജറേറ്റർ സൗകര്യം (കോൾഡ്–ചെയിൻ) ആവശ്യമായതിനാൽ ഇൻസുലിൻ നിർമാണത്തിനു ചെലവേറെയാണ്. മൂന്നോ നാലോ വമ്പൻ കമ്പനികൾ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ഇൻസു–ലോക് വന്നാൽ കോൾഡ്–ചെയിൻ സൗകര്യം വേണ്ടെന്നതിനാൽ ചെറിയ കമ്പനികൾക്കു പോലും ഇൻസുലിൻ ഉൽപാദിപ്പിക്കാം. ഇതുവഴി വില പകുതിയോളം കുറയ്ക്കാമെന്നാണു പ്രതീക്ഷ.’’

English Summary: Scientists develop insulin that can be kept without refrigeration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com