മലയാളി ജവാൻ ഉൾപ്പെടെ 5 സൈനികർക്ക് വീരമൃത്യു

PTI10_11_2021_000090B
ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാ സൈനികർ.
SHARE

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പെടെ 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിൽ ശിൽപാലയത്തിൽ (മാടമ്പള്ളിയിൽ) ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകൻ ജവാൻ എച്ച്. വൈശാഖ് (അക്കു–24), പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ ജസ്‌വിന്ദർ സിങ്, ജവാൻ മൻദീപ് സിങ്, ജവാൻ ഗജ്ജൻ സിങ്, യുപി സ്വദേശി ജവാൻ സരജ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.

അതിർത്തിയിലെ സുരാൻകോട്ട് വനമേഖലയിൽ ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഭീകരാക്രമണം. ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ പിടികൂടാൻ കൂടുതൽ ഭടന്മാർ സ്ഥലത്തേക്കു കുതിച്ചു. വനമേഖല വളഞ്ഞ് അവർ തിരച്ചിൽ നടത്തുകയാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. 2 കിലോമീറ്റർ അകലെയുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ഒരു സൈനികനു പരുക്കേറ്റു.

jammu
എച്ച്. വൈശാഖ്, ജസ്‌വിന്ദർ സിങ്, മൻദീപ് സിങ്, ഗജ്ജൻ സിങ്, സരജ് സിങ്

പാക്ക് അധിനിവേശ കശ്മീരിൽ നിന്ന് വൻ ആയുധശേഖരവുമായി ഏതാനും ദിവസങ്ങൾ മുൻപാണു ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്. ശൈത്യകാലം ആരംഭിക്കുന്നതിനു മുൻപ് പരമാവധി ഭീകരരെ അതിർത്തി കടത്തി ഇന്ത്യയിലേക്കു വിടാനാണു പാക്ക് ശ്രമം. പാക്ക് സേനയുടെ സഹായവും ഇവർക്കു ലഭിക്കുന്നുണ്ട്.

2 ഭീകരരെ വധിച്ചു

വടക്കൻ കശ്മീരിലെ ബന്ദിപുരയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ ഇംതിയാസ് അഹമ്മദ് ദറിനെ സേന വധിച്ചു. കശ്മീരിലെ ഷാഗുന്ദിൽ കഴിഞ്ഞ ദിവസം ടാക്സി ‍ഡ്രൈവർ മുഹമ്മദ് ഷാഫി ലോണിനെ കൊലപ്പെടുത്തിയതിനു പിന്നിൽ ദർ ആണ്. കശ്മീരിൽ ഹിന്ദു, സിഖ് മതസ്ഥരെ കഴിഞ്ഞ ദിവസങ്ങളിൽ കൊലപ്പെടുത്തിയതിലും ഇയാൾക്കു പങ്കുണ്ടെന്നാണു വിവരം. 

ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരനെയും സേന വധിച്ചു. ഷോപിയനിൽ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാത്രി സേനയും പൊലീസും തിരച്ചിൽ ആരംഭിച്ചു.

akku
എച്ച്. വൈശാഖ്

അക്കുവിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിൽ

വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച്. വൈശാഖിന്റെ (അക്കു) മൃതദേഹം ഇന്നു വൈകിട്ട് നാട്ടിലെത്തിക്കുമെന്നാണ് വിവരം. രാവിലെ കശ്മീരിലെ രജൗറിയിൽ സേനയുടെ അന്തിമോപചാരം അർപ്പിക്കും.

2017 ൽ മാറാഠി റജിമെന്റിൽ സൈനിക സേവനം ആരംഭിച്ച വൈശാഖ് പഞ്ചാബിൽ നിന്ന് 7 മാസം മുൻപാണ് ജമ്മുവിൽ എത്തിയത്. അവിവാഹിതനായ വൈശാഖ് 2 മാസം മുൻപാണ് അവധിക്ക് നാട്ടിൽ വന്നു മടങ്ങിയത്. സഹോദരി ശിൽപ.

English Summary: Five soldiers martyred in Jammu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA