ADVERTISEMENT

ന്യൂഡൽഹി ∙ ലഖിംപുർ ഖേരിയിൽ കർഷകരെ വണ്ടികയറ്റി കൊന്ന കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ ഉച്ചയോടെ വിഡിയോ കോൺഫറൻസിങ് വഴിയാണു ജാമ്യാപേക്ഷ പരിഗണിച്ചത്. ആശിഷിനെ 12 മണിക്കൂറോളം ചോദ്യം ചെയ്തതാണെന്നും ഇനി കസ്റ്റഡിയുടെ ആവശ്യമില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ ആശിഷ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും  കൂടുതൽ വിവരങ്ങൾ അറിയാൻ കസ്റ്റഡി ആവശ്യമുണ്ടെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആശി‌ഷിനു നേരെ ‘മൂന്നാംമുറ’ പ്രയോഗിക്കരുതെന്നും കോടതി നിർദേശിച്ചു.

ഇതേസമയം, ആശിഷിന്റെ പിതാവ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ കർഷക സംഘടനകൾ നൽകിയ അന്ത്യശാസന സമയം അവസാനിച്ചു. സമരത്തിന്റെ അടുത്ത ഘട്ടം ഇന്നു തീരുമാനിക്കും. കൊല്ലപ്പെട്ട കർഷകർക്കായുള്ള പ്രാർഥനാ ചടങ്ങ് ഇന്നു ലഖിംപുരിലെ ടികുനിയ ഗ്രാമത്തിൽ നടക്കും. 

അജയ് മിശ്രയെ ഇന്നലെ സംസ്ഥാന ബിജെപി നേതൃത്വം ലക്നൗവിലേക്കു വിളിപ്പിച്ചു വിശദീകരണം തേടി.  കർഷകർ ഈ മാസം 18ന് രാജ്യവ്യാപകമായി റെയിൽതടയൽ സമരവും 26നു ലക്നൗവിൽ മഹാപഞ്ചായത്തും പ്രഖ്യാപിച്ചിട്ടുണ്ട്. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് മൗനവ്രത സമരം നടത്തി. 

ജനങ്ങളെ കൊല്ലുന്നതല്ല  രാഷ്ട്രീയം: യുപി ബിജെപി അധ്യക്ഷൻ

ന്യൂഡൽഹി ∙ രാഷ്ട്രീയമെന്നാ‍ൽ ‘ഫോർച്യൂണർ’ ഓടിച്ചു കയറ്റി ആളുകളെ കൊല്ലുന്നതല്ലെന്നു ബിജെപി യുപി അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് പറഞ്ഞു. ലക്നൗവിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിലായിരുന്നു പരാമർശം.

പെരുമാറ്റത്തിന്റെ പേരിലാണു തിരഞ്ഞെടുപ്പു ജയിക്കേണ്ടത്. ജനങ്ങളെയും രാജ്യത്തെയും സേവിക്കലാണു രാഷ്ട്രീയം. ജനങ്ങളെ കൊള്ളയടിച്ചോ അവർക്കുമേൽ ‘ഫോർച്യൂണർ’ഓടിച്ചു കയറ്റിയോ അല്ല രാഷ്ട്രീയം നടത്തേണ്ടത്. ജനങ്ങളെ സേവിക്കാനാണ് ഈ പാർട്ടി നിലകൊള്ളുന്നത് –സ്വതന്ത്രദേവ് സിങ് പറഞ്ഞു.  

English Summary: Lakhimpur kheri: Ashish Mishra sent to 3-day police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com