ആശിഷ് മിശ്ര കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

HIGHLIGHTS
  • ബിജെപി യോഗം മന്ത്രിയുടെ രാജി ചർച്ചചെയ്തെന്ന് സൂചന
ആശിഷ് മിശ്ര
ആശിഷ് മിശ്ര
SHARE

ന്യൂഡൽഹി∙ ലഖിംപുർ ഖേരി കർഷക കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് ആശിഷ് മിശ്രയെ യുപി പൊലീസ് പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യൽ തുടരുകയാണ്. 

കർഷകർക്കിടയിലേക്ക് ഓടിച്ചു കയറ്റിയ വാഹനത്തിൽ ഉണ്ടായിരുന്നവരെക്കുറിച്ച് അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. സംഭവം നടന്ന സമയം യോഗസ്ഥലത്തായിരുന്നു എന്നു കാണിക്കാൻ ആശിഷ് നൽകിയ സത്യവാങ്മൂലങ്ങളിൽ പറയുന്ന സാക്ഷികളുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്തേക്കും. ഇയാളുടെ ജീപ്പിനു പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്നിന്റെ ഉടമയായ അങ്കിത് ദാസ് കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകി. ആശിഷിന്റെ സുഹൃത്തായ ഇയാൾ മുൻ രാജ്യസഭാംഗം അഖിലേഷ് ദാസിന്റെ മരുമകനുമാണ്.  

ഇതിനിടെ, സംഭവ വികാസങ്ങൾ ചർച്ച ചെയ്യാനും തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാനും ചേർന്ന ബിജെപിയുടെ ഉന്നതതല യോഗം മന്ത്രി അജയ് മിശ്രയുടെ രാജിക്കാര്യവും ചർച്ച ചെയ്തതായി അറിയുന്നു. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മതി തുടർനടപടികളെന്നാണ് പാർട്ടിയുടെ നിലപാട്. 

ബിജെപിയുടെ മുഖ്യശക്തിയായ ബ്രാഹ്മണ സമുദായത്തെ വെറുപ്പിക്കുന്ന നടപടികളിലേക്കു കടക്കുന്നതു ദോഷം ചെയ്യുമെന്നാണു വിലയിരുത്തൽ. തെരായി മേഖലയിലെ ബിജെപിയുടെ ബ്രാഹ്മണ മുഖമാണ് അജയ് മിശ്ര. ജിതിൻ പ്രസാദയടക്കമുള്ള നേതാക്കൾക്കില്ലാത്ത ജനപിന്തുണ അജയ് മിശ്രയ്ക്കുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, മന്ത്രി ധർമേന്ദ്ര പ്രധാൻ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, യുപി ഇൻചാർജ് രാധാമോഹൻ സിങ്, യുപി അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഒരാൾ കൂടി അറസ്റ്റിൽ

കർഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ശേഖർ ഭാരതി എന്നയാളുടെ അറസ്റ്റ് കൂടി പ്രത്യേകാന്വേഷണ സംഘം രേഖപ്പെടുത്തി. ഇയാൾ അങ്കിത് ദാസിന്റെ വാഹനത്തിൽ ഉണ്ടായിരുന്നെന്നു കരുതുന്നു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അതിനിടെ, ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കി അറസ്റ്റ് ചെയ്തില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പ്രഖ്യാപിച്ചു. പിതാവിനെയും മകനെയും ആഗ്ര ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Ashish Mishra in custody in farmers murder at Lakhimpur Kheri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA