ADVERTISEMENT

ന്യൂഡൽഹി ∙ ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിച്ചു. സർക്കാരുമായി ഇന്നു തന്നെ സംസാരിക്കാമെന്നു രാഷ്ട്രപതി ഉറപ്പു നൽകിയതായി സംഘത്തിലുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ സന്ദർശന വിവരം രാഷ്ട്രപതി ട്വിറ്ററിൽ ചിത്രം സഹിതം പങ്കുവച്ചു.

ലഖിംപുരിൽ 4 കർഷകരുൾപ്പെടെ 8 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് ഒന്നാം പ്രതി. ആശിഷ് അറസ്റ്റിലായതിനു പിന്നാലെയാണ് കോൺഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടത്. നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യമാണു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ഉന്നയിക്കുന്നതെന്ന് പ്രതിനിധി സംഘം രാഷ്ട്രപതിയെ അറിയിച്ചു. സെപ്റ്റംബർ 27ലെ ഭാരത് ബന്ദിനിടെ മന്ത്രി അജയ് മിശ്ര കർഷകരെ ഭീഷണിപ്പെടുത്തിയ കാര്യവും സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. അജയ് മിശ്ര മന്ത്രി പദവിയിൽ തുടരുന്നിടത്തോളം നീതി ലഭിക്കുമെന്നു മരിച്ചവരുടെ കുടുംബങ്ങൾ കരുതുന്നില്ലെന്നു പ്രിയങ്ക പറഞ്ഞു. 

2 സുപ്രീം കോടതി ജഡ്ജിമാരെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്നും കൊല നടത്തിയവർക്കു ശിക്ഷ ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മകൻ പ്രതിയായിരിക്കെ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയെ അറിയിച്ചതായും രാഹുൽ പറഞ്ഞു.

രാഹുലിനും പ്രിയങ്കയ്ക്കും പുറമേ, മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, മല്ലികാർജുൻ ഖർഗെ, ഗുലാംനബി ആസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 7 പ്രതിനിധികളെ അനുവദിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. എന്നാൽ, കോവിഡ് സാഹചര്യത്തിൽ 5 പേരെ മാത്രമേ അനുവദിക്കൂ എന്നു രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചതോടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ലോക്സഭയിലെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ പിന്മാറി.

English Summary: Congress leaders meet president of India asking removal of central minister Ajay Mishra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com