ഇന്ത്യയിൽ കുട്ടികൾക്ക് കോവാക്സിൻ: ലോകവിപണിയിലേക്ക് വലിയചുവട്

HIGHLIGHTS
  • ലോകാരോഗ്യ സംഘടനയുടെ അനുമതി സംബന്ധിച്ച തീരുമാനം വരുംദിവസങ്ങളിൽ
Covid-Vaccine
SHARE

ന്യൂഡൽഹി ∙ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു ശുപാർശ ചെയ്യപ്പെട്ടത് ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സിന്റെ ഭാവി വിപണനത്തിലും നിർണായകമാകും. ഫൈസർ, മൊഡേണ തുടങ്ങിയ കമ്പനികളുടെ വാക്സീൻ പോലും 12 വയസ്സിനു താഴെയുള്ളവർക്കു കുത്തിവയ്ക്കാൻ തുടങ്ങിയിട്ടില്ല. 

കുട്ടികളിലെ വാക്സിനേഷൻ ഇന്ത്യയിൽ ഫലപ്രദമായാൽ കോവാക്സിനു കൂടുതൽ ആവശ്യക്കാർ വരുമെന്നാണു കരുതുന്നത്. ക്യൂബ, ചൈന, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ ഒഴികെ ഒരിടത്തും 12 വയസ്സിനു താഴെയുള്ളവർക്കു വാക്സീൻ നൽകാൻ അനുമതി നൽകിയിട്ടില്ലെന്നതു വിപണിയിൽ കോവാക്സീന്റെ പ്രാധാന്യം വർധിപ്പിക്കും. ലോകാരോഗ്യ സംഘടന ഇതുവരെ കോവാക്സി ന് അനുമതി നൽകിയിട്ടില്ല. ഇതു സംബന്ധിച്ച തീരുമാനം വരുംദിവസങ്ങളിൽ തന്നെയുണ്ടാകും. 

2 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്സീൻ നൽകാൻ ആദ്യം അനുമതി നൽകിയ രാജ്യം ക്യൂബയാണ്. തദ്ദേശീയമായി വികസിപ്പിച്ച വാക്സീനാണ് ക്യൂബ ഉപയോഗിക്കുന്നത്. ട്രയൽ ഡേറ്റ ഇപ്പോഴും രഹസ്യമാക്കിയിരിക്കുന്ന ക്യൂബ ലോകാരോഗ്യ സംഘടനയുടെ അനുമതി തേടുമെന്ന് വ്യക്തമാക്കിയിരുന്നു.

‌‘കോർബെവാക്സി’ന് അനുമതി തേടി

ന്യൂഡൽഹി ∙ കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ 2 ഡോസുകൾ സ്വീകരിച്ചവർക്ക്, അധിക പ്രതിരോധത്തിനായി ബൂസ്റ്റർ ഡോസായി ‘കോർബെവാക്സ്’ നൽകുന്നതു പരീക്ഷിക്കാൻ ഉൽപാദകരായ ബയോളജിക്കൽ–ഇ അനുമതി തേടി. ഇതിനായി മൂന്നാം ഘട്ട ട്രയൽ നടത്താൻ ബയോളജിക്കൽ ഇ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി.

വാക്സീനെടുത്ത് 6–8 മാസം കഴിഞ്ഞവരിൽ പലർക്കും പ്രതിരോധശേഷി കുറയുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അധികപ്രതിരോധത്തിനു മറ്റൊരു വാക്സീനുപയോഗിച്ചുള്ള ശ്രമം.

വാക്സീനുകളും കുട്ടികളിലെ ഉപയോഗാനുമതിയും

∙ ഫൈസർ: യുഎസിൽ 12 മുതൽ മുകളിലോട്ടുള്ളവർക്കാണ് ഫൈസർ വാക്സീൻ ഉപയോഗിക്കാൻ അനുമതി. 

∙ മൊഡേണ: യൂറോപ്യൻ രാജ്യങ്ങളിൽ 12 –17 പ്രായക്കാരിൽ ഉപയോഗിക്കാൻ അനുമതിയുണ്ട്. യുഎസിൽ 18 വയസ്സിനു മുകളിലുള്ളവർക്കു മാത്രം അനുമതി.

∙ സ്പുട്നിക് V: ഉൽപാദക രാജ്യമായ റഷ്യ, 12-17 പ്രായക്കാരിലെ ട്രയൽ നടത്തുന്നതേയുള്ളൂ. 

∙ ജാൻസെൻ: ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ ഇന്ത്യയിലും കുട്ടികളിലെ (12–17) ട്രയൽ അനുമതി തേടിയിട്ടുണ്ട്. യുഎസിലും കുട്ടികളിൽ ഉപയോഗിച്ചു തുടങ്ങിയില്ല.

∙ സിനോവാക്: സുരക്ഷിതമെന്നു ട്രയൽ ഫലമുണ്ടെങ്കിലും ഉൽപാദക രാജ്യമായ ചൈനയിൽ പോലും കുട്ടികളിൽ ഉപയോഗാനുമതി നൽകിയിട്ടില്ല. ചിലെയിൽ 6 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു സിനോവാക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

∙ സിനോഫാം: വുഹാനിലെ സിനോഫാം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സീൻ 3–17 പ്രായക്കാരിൽ ഉപയോഗിക്കാൻ ചൈനയും അർജന്റീനയും അനുമതി നൽകിയിട്ടുണ്ട്. യുഎഇയിൽ 3 വയസ്സിനു മുകളിലുള്ളവർക്ക് ഉപയോഗാനുമതിയുണ്ടെങ്കിലും നിർബന്ധമല്ല.

English Summary: Covid vaccine for children in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA