സ്വച്ഛ ഭാരത് 5 വർഷത്തേക്കു കൂടി; 1,41,600 കോടി വകയിരുത്തി

HIGHLIGHTS
  • 'അമൃത്' രണ്ടാംഘട്ടത്തിനും അംഗീകാരം
government-of-india
SHARE

ന്യൂഡൽഹി ∙ നഗരങ്ങൾ വെളിയിട വിസർജന മുക്തമാക്കാനുദ്ദേശിച്ച് സ്വച്ഛ ഭാരത് പദ്ധതി 5 വർഷത്തേക്കു കൂടി തുടരാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 1,41, 600 കോടി രൂപ വകയിരുത്തി. ആദ്യഘട്ടത്തെക്കാൾ രണ്ടരയിരട്ടി കൂടുതലാണിത്. അമൃത് പ ദ്ധതിയുടെ രണ്ടാംഘട്ടത്തിനും അംഗീകാരം നൽകി. 

നഗരങ്ങൾ കേന്ദ്രീകരിച്ച് ജലസ്രോതസ്സുകളിലേക്ക് മലിനജലം എത്തുന്നതു തടയുന്നതിനും ഖരമാലിന്യ നിർമാർജനത്തിനും മുൻഗണന നൽകും. അമൃത് പദ്ധതിയിലുൾപ്പെടാത്ത നഗരങ്ങളിൽ (ഒരു ലക്ഷത്തിൽ കുറഞ്ഞ ജനസംഖ്യയുള്ള) മലിനജലം കൈകാര്യം ചെയ്യുന്നതിനും പ്രാമുഖ്യമുണ്ട്. വകയിരുത്തിയ തുകയിൽ 36,465 കോടി രൂപ കേന്ദ്രവിഹിതമായിരിക്കും. 

10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ 25:75 അനുപാതത്തിലും 1 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ളയിടങ്ങളിൽ 33:67 അനുപാതത്തിലും ഒരു ലക്ഷത്തിൽ കുറവുള്ള നഗരങ്ങളിൽ 50:50 അനുപാതത്തിലുമായിരിക്കും ധനവിനിയോഗം. കേന്ദ്രഭരണ പ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രം വഹിക്കും. മറ്റിടങ്ങളിൽ 80:20 അനുപാതത്തിലാകും. 

എല്ലാ നഗരങ്ങളും ത്രീസ്റ്റാർ മാലിന്യമുക്ത സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ പര്യാപ്തമായ മാലിന്യ നിർമാർജന നടപടികൾ സ്വീകരിക്കണം. 3.5 ലക്ഷം പൊതുശൗചാലയങ്ങൾ ഇതിനായി പണിയും. 5 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ ശുചീകരണം യന്ത്രങ്ങളുടെ സഹായത്തോടെയാക്കും. 

∙ അമൃത് പദ്ധതി 2.0: നഗരങ്ങളിൽ സുസ്ഥിര വികസനത്തിനുള്ള അമൃത് പദ്ധതിയും 2025–26 വരെ തുടരും. 2,77,00 കോടി രൂപ വകയിരുത്തി. പൈപ്പിലൂടെയുള്ള ജലവിതരണം എല്ലാ നഗരങ്ങളിലുമെത്തിക്കാനാണ് പ്രാമുഖ്യം നൽകുന്നത്. നിലവിലുള്ള 500 അമൃത് നഗരങ്ങളിൽ മലിനജല, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എല്ലാ വീടുകളിലും ഉറപ്പാക്കും. വീടുകളിൽ 2.68 കോടി പൈപ്പ് കണക‍്ഷനുകളും 2.64 കോടി മലിനജല, മാലിന്യ സംസ്കരണ സംവിധാനങ്ങളും ഏർപ്പെടുത്തും. 

∙ രാസവള സബ്സിഡി: റാബി വിളകൾക്കുള്ള രാസവളങ്ങൾക്ക് ഘടകങ്ങളുടെ അടിസ്ഥാനത്തിൽ 2022 മാർച്ച് വരെയുള്ള സബ്സിഡിയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. നൈട്രജൻ കിലോയ്ക്ക് 18.789 രൂപ, ഫോസ്ഫറസ് 45.32, പൊട്ടാഷ് 10.116, സൾഫർ 2.374  രൂപ എന്നിങനെയാണ് സബ്സിഡി അനുവദിച്ചിരിക്കുന്നത്. 28,655 കോടി രൂപയാണ് മൊത്തം സബ്സിഡിയായി നൽകുക. മൊളാസസിൽ നിന്നുൽപാദിപ്പിക്കുന്ന പൊട്ടാഷും സബ്സിഡിയിലുൾപ്പെടുത്തി. ‍ഡി അമോണിയം ഫോസ്ഫേറ്റിന് ചാക്കിന് 438 രൂപയും മറ്റുള്ളവയ്ക്ക് 100 രൂപയും വരെ നേട്ടമുണ്ടാകും.

English Summary: Swachh Bharat to continue for five more years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA