ADVERTISEMENT

മുംബൈ∙ ലഹരിവിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി വിധി പറഞ്ഞില്ല. ഇന്നു വാദം കേൾക്കൽ തുടരും. ഒരു തെളിവുമില്ലാതെ വാട്സാപ് ചാറ്റിന്റെ പേരിൽ ഒരാളെ 20 ദിവസം ജയിലിൽ അടയ്ക്കുകയോ എന്ന ചോദ്യമാണ് ആര്യനു വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി ഉന്നയിച്ചത്. 

ആര്യൻ ലഹരി ഉപയോഗിക്കുന്നയാൾ മാത്രമല്ല ഇടപാടുകാരനും കൂടിയാണെന്നും രാജ്യാന്തര ലഹരി റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ചു പരിശോധിക്കാൻ സമയം വേണമെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നിലപാടു കടുപ്പിച്ചു. ഷാറുഖിന്റെ മാനേജർ പൂജ ദദ്‌ലാനി തെളിവു നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചു.

കപ്പലിൽ വിരുന്നിനു പോയെങ്കിലും ലഹരി ഉപയോഗിക്കുകയോ വാങ്ങുകയോ വിൽക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്നും റോഹത്ഗി വാദിച്ചു. ലഹരി പിടിച്ചെടുത്തിട്ടുമില്ല. തലേന്നു കിട്ടിയ ക്ഷണമനുസരിച്ചാണു സുഹൃത്ത് അർബാസ് മെർച്ചന്റിനൊപ്പം വിരുന്നിനു പോയത്. കപ്പലിൽ കയറും മുൻപ് കസ്റ്റഡിയിലാകുകയും ചെയ്തു.

ആര്യൻ യുഎസിൽ ആയിരിക്കെ 2018, 2019, 2020 വർഷങ്ങളിൽ സുഹൃത്തുക്കളോടു ചാറ്റ് ചെയ്തതിന് ഇപ്പോഴത്തെ ലഹരി വിരുന്നുമായി എന്തു ബന്ധം?’ യുഎസിൽ ചില ലഹരിമരുന്നുകൾക്കു നിരോധനവുമില്ല.  എൻസിബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെയെക്കുറിച്ചു പരാതിയില്ലെന്നും റോഹത്ഗി പറഞ്ഞു.

ഈ മാസം 3ന് അറസ്റ്റിലായ ആര്യൻ 8 മുതൽ മുംബൈ ആർതർ റോഡ് ജയിലിലാണ്. കേസിൽ അറസ്റ്റിലായ 2 പേർക്ക് ലഹരിക്കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഇന്നലെ ജാമ്യം അനുവദിച്ചു.

അതിനിടെ, എൻസിബിയെ ഉപയോഗിച്ച് മുംബൈ മേധാവി വാങ്കഡെ പണത്തട്ടിപ്പുകൾ നടത്തിയെന്നാരോപിക്കുന്ന കത്ത് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് പുറത്തുവിട്ടു. നടൻ സുശാന്ത് സിങ് മരിച്ചതുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി ദീപിക പദുക്കോൺ ഉൾപ്പെടെയുള്ള താരങ്ങളിൽ നിന്നു പണം കൈപ്പറ്റിയെന്നാണു കത്തിൽ. പേരു വെളിപ്പെടുത്താത്ത എൻസിബി ഓഫിസറുടെ പേരിലാണു കത്ത്.

പിൻവാതിലിലൂടെ വാങ്കഡെ

ന്യൂഡൽഹി∙ ലഹരിക്കേസ് ഒത്തുതീർക്കാൻ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് വകുപ്പുതല അന്വേഷണം നേരിടുന്ന എൻസിബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെ ന്യൂഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഡപ്യുട്ടി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണത്തിനായി ഇന്നു മുംബൈയിലെത്തും. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻഗേറ്റിലൂടെയാണ് വാങ്കഡെ ഡൽഹി ആർകെ.പുരത്തെ എൻസിബി ആസ്ഥാനത്ത് എത്തിയത്. പദവിയിൽ നിന്നു നീക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു.

English Summary: Aryan Khan drugs case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com