ADVERTISEMENT

ഗ്ലാസ്ഗോ ∙ വിഘടന, തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ സഹകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിലുള്ള ചർച്ചയിൽ ധാരണയിലെത്തി. കാലാവസ്ഥാ ഉച്ചകോടിക്കിടെ നടന്ന ഹ്രസ്വ കൂടിക്കാഴ്ചയിലാണ് ഭീകരവിരുദ്ധ നയം ഇരു രാജ്യങ്ങളും അംഗീകരിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല അറിയിച്ചു. ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. 

ഒത്തൊരുമിച്ച് ഭൂമിക്കായി... ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ് 26) യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ദെർ ലെയെൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെ അധ്യക്ഷത വഹിക്കുന്ന ഈ വർഷത്തെ ആഗോള കാലാവസ്ഥ 
ഉച്ചകോടി നവംബർ 12 വരെ നീളും. നൂറിലേറെ രാഷ്ട്രനേതാക്കളാണ് പങ്കെടുക്കുന്നത്.
ഒത്തൊരുമിച്ച് ഭൂമിക്കായി... ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ് 26) യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ദെർ ലെയെൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെ അധ്യക്ഷത വഹിക്കുന്ന ഈ വർഷത്തെ ആഗോള കാലാവസ്ഥ ഉച്ചകോടി നവംബർ 12 വരെ നീളും. നൂറിലേറെ രാഷ്ട്രനേതാക്കളാണ് പങ്കെടുക്കുന്നത്.

ബ്രിട്ടനിൽ ഇന്ത്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഖലിസ്ഥാൻ വിഭാഗങ്ങളെപ്പറ്റി ചർച്ചയുണ്ടായോ എന്ന ചോദ്യത്തിന് തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെപ്പറ്റി ആശങ്ക ഇരുരാജ്യങ്ങളും പങ്കുവച്ചതായും നിയമസാധുതയില്ലാത്ത സംഘടനകളുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യം നടത്തി ബ്രിട്ടനിൽ എത്തിയ വിജയ് മല്യ, നീരവ് മോദി എന്നിവരെ വിട്ടുകിട്ടുന്ന കാര്യം ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ചർച്ച ചെയ്യും. 

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്ന കാര്യത്തിലും ഹരിത സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്ന കാര്യത്തിലും ഇന്ത്യയുടെ പങ്ക് ബോറിസ് ജോൺസൺ എടുത്തുപറഞ്ഞതായി ബ്രിട്ടൻ പറഞ്ഞു. ഇന്ത്യയിൽ ഹരിത സാങ്കേതിക വിദ്യ നടപ്പാക്കാൻ വേണ്ടി ലോകബാങ്ക് സഹായത്തോടെ 7626.75 കോടി രൂപയുടെ പദ്ധതി ബ്രിട്ടൻ പ്രഖ്യാപിച്ചതിനെ മോദി സ്വാഗതം ചെയ്തതായും പറഞ്ഞു.

ഇസ്രയേലുമായുള്ള ബന്ധത്തെ ഇന്ത്യൻ ജനത ഏറെ വിലമതിക്കുന്നതായി പ്രധാനമന്ത്രി നഫ്താലി ബെനറ്റുമായുള്ള സൗഹൃദചർച്ചയിൽ നരേന്ദ്ര മോദി വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെയുമായുള്ള ചർച്ചയിൽ കോവിഡാനന്തര തിരിച്ചുവരവിനെപ്പറ്റിയും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും ചർച്ചയുണ്ടായി. 

സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള ഏതു പരിശ്രമത്തെയും ശക്തിപ്പെടുത്താൻ ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെനുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കി. മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സുമായി സുസ്ഥിര വികസനത്തെപ്പറ്റി പ്രധാനമന്ത്രി മോദി ചർച്ച നടത്തി.

English Summary: India, Britain to fight terrorism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com